ക്ഷീരവികസന മേഖലയില്‍ ഈ വര്‍ഷം 136 കോടിയുടെപദ്ധതികള്‍ നടപ്പാക്കും

കൊച്ചി: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി ക്ഷീരവികസന മേഖലയില്‍ വലിയ കുതിച്ചു ചാട്ടമാണുണ്ടായിരിക്കുന്നതെന്ന് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. ക്ഷീരവികസന വകുപ്പും ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പാല്‍ക്കടല്‍ കാലിത്തീറ്റ സബ്‌സിഡി പദ്ധതി കാക്കനാട് ജില്ല പഞ്ചായത്ത് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്ഷീരമേഖലയില്‍ 136 കോടിയുടെ വികസന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷീര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 250 ല്‍ നിന്ന് 500 രൂപയായും ക്ഷീരകര്‍ഷകര്‍ക്കുള്ള വിവാഹ ധനസഹായം 1000 രൂപയില്‍ നിന്ന് 3000 രൂപയായും ഉയര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. പാലുത്പാദന മേഖലയെ സ്വയം പര്യാപ്തതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1,10,000 ലിറ്ററില്‍ നിന്നും രണ്ടു ലക്ഷം ലിറ്ററാക്കി ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണന്നും മേഖലയില്‍ ഇനിയും ഇത്തരം സ്വപ്‌ന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതി ക്ഷീരകൃഷിക്ക് അനുയോജ്യമാണ്. ഇസ്രയേല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങി പാലുത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് അനുകരണീയമാണെന്നും നൂതന ശാസ്ത്രീയ രീതികള്‍ നടപ്പാക്കുകയും യുവാക്കളെ ഈ മേഖലയിലേക്കു കടന്നു വരാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവുമധികം പാല്‍ കറന്നെടുത്ത കര്‍ഷകനുള്ള ക്ഷീരസഹകാരി അവാര്‍ഡ് ബെന്നി ബഹനാന്‍ എംഎല്‍എയും കേരള ഫീഡ്‌സ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജും ചേര്‍ന്ന് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷീരമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഈ വര്‍ഷത്തെ ജില്ല പഞ്ചായത്ത് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ആയിരം വനിതകള്‍ക്ക് പശു, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ എടുത്തുപറയേണ്ടതാണെന്നും ബെന്നി ബഹനാന്‍ എംഎല്‍എ പറഞ്ഞു.ക്ഷീരമേഖലയ്ക്ക് ഉത്തേജകമായി ഈ സാമ്പത്തിക വര്‍ഷം തന്നെ 343 ക്ഷീരസംഘങ്ങള്‍ക്ക് 1.20കോടി രൂപ, ആയിരം വനിതകള്‍ക്ക് പശു കൂടാതെ 100 പേര്‍ക്കു കൂടി ഫാം തുടങ്ങുന്നതിനുള്ള ധനസഹായം തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.സുന്ദരി കിടാരി മത്സരത്തില്‍ ഇടപ്പള്ളി ബ്ലോക്കിലെ തേവയ്ക്കല്‍ സ്വദേശി ബാബുരാജിന്റെ കിടാരി ഒന്നാം സ്ഥാനത്തെത്തി ഒരു പവന്‍ സമ്മാനം നേടി. പട്ടിമറ്റം സ്വദേശി ജോളി ജോര്‍ജിന്റെ പശുക്കുട്ടിക്ക് രണ്ടാം സമ്മാനവും പാമ്പാക്കുട ക്ഷീരസംഘത്തിന്റെ പശുക്കുട്ടിക്ക് മൂന്നാം സമ്മാനവും ലഭിച്ചു. നാടന്‍ പശുക്കളുടെ മത്സരത്തില്‍ ഇടപ്പള്ളി ബ്ലോക്കിലെ നസീറിന്റെ പശുവിനാണ് ഒന്നാം സമ്മാനം.ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് കുട്ടി ജേക്കബ് പദ്ധതി വിശദീകരിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കെ.ബി. സരോജിനി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, പൊതുമരാമത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത സാദിഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ കൊച്ചുകുഞ്ഞ്, ക്ഷീരവികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.പി. ബിന്ദുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജിബി സദാശിവൻ
കൊച്ചി

Add a Comment

Your email address will not be published. Required fields are marked *