കൌമാരകലോത്സവത്തിന് കൊടിയേറി
കോഴിക്കോട് : കൗമാരകലയുടെ കേളികൊട്ടിന് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് അരങ്ങൊരുങ്ങി. ഇനി ഏഴു പകലിരവുകള്‍ കേരളം സാമൂതിരിയുടെ നാട്ടിലേക്ക് കണ്ണുംകാതും തിരിച്ചുവെക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് പതാക ഉയര്‍ത്തിയതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂള്‍ കലോത്സവത്തിന്റെ അമ്പത്തിയഞ്ചാമത് എഡിഷന് സമാരംഭമായി. ഇത്തവണ 232 ഇനങ്ങളിലായി പതിനൊന്നായിരം ന്യൂജനറേഷന് കുഞ്ഞുങ്ങളാണ് പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ കോഴിക്കോട്ട് എത്തിയിരിക്കുന്നത്. 18 വേദികളിലാണ് മത്സരം നടക്കുന്നത്.
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം നാലിനാണ്. പ്രധാനവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ഗാനഗന്ധര്വന് ഡോ.കെ.ജെ. യേശുദാസ് മുഖ്യാതിഥിയാകും. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷത വഹിക്കും.
55 സംഗീത അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനവും ദൃശ്യാവിഷ്ക്കാരവും ഉദ്ഘാടനവേദിയില്‍ അരങ്ങേറും. കലോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് കടപ്പുറത്തുനിന്നാരംഭിക്കും. എഡിജിപി എന്‍. ശങ്കര്‍റെഡ്ഡി ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന്റെയും മലബാറിന്റെയും സാംസ്കാരിക തനിമ വിളംബരം ചെയ്യുന്ന നിറപ്പകിട്ടാര്‍ന്ന നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയിലുണ്ടാകും. നഗരപരിധിയിലെ 50സ്കൂളുകളില്‍നിന്നായി ആറായിരത്തോളം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ അണിനിരക്കും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാംവേദിയില്‍ മോഹിനിയാട്ട മത്സരം ആരംഭിക്കും. ആദ്യദിനം പത്തുവേദികളിലാണു മത്സരം. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ആദ്യടീമായ കാസര്‍ഗോഡിന് ബുധനാഴ്ച വൈകുന്നേരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സംഘാടകസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
അപ്രതീക്ഷിതമായി കോഴിക്കോട്ടെത്തിയ കലോത്സവം വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ സംഘാടകസമിതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ സബ് കമ്മിറ്റികള്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. 21ന് വൈകുന്നേരം മൂന്നിനു നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.