കോര്പറേഷന് കൗണ്‍സിലില്‍ കയ്യാംകളി നടത്തിയപ്രതിപക്ഷ കൗണ്‍സിലറെ മേയര്‍ സസ്പെന്റ് ചെയ്തു
കൊച്ചി: കൊച്ചി കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹത്തെ തുടര്‍ന്ന് പ്രതിപക്ഷാംഗത്തിന്റെ കയ്യാംകളി. ഒടുവില്‍ സസ്പെന്ഷന്. ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ജനറല്‍ കൗണ്‍സിലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൗണ്‍സില്‍ അജണ്ടാ അവതരണ വേളയില്‍ പ്രകോപിതനായി നടുത്തളത്തിലിറങ്ങി മേയറെ കടന്നാക്രമിക്കാന്‍ ശ്രമിക്കുകയും മൈക്ക് തട്ടിത്തെറിപ്പിക്കുകയും അജണ്ട വലിച്ചെറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തെ മഹേഷ് കുമാറിനെ മേയര്‍ ഒരുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. മേയര്‍ക്ക് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ കൗണ്‍സില്‍ ആരംഭിക്കുമ്പോള്‍ ഡെപ്യൂട്ടി മേയറാണ് ചെയര്‍ നിയന്ത്രിച്ചിരുന്നത്. ഇടപ്പള്ളിയിലെ സ്വകാര്യ ആസ്പത്രിയും നഗരമധ്യത്തിലെ ഷോപിംഗ് മാളും അനധികൃതമായി പ്രവര്‍ത്തിക്കുകയാണെന്നും ഇതിന് എന്‍ ഒ സി നല്‍കിയതില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കുറ്റപ്പെടുത്തി. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ലെന്നും അതിനാല്‍ ഇവക്ക് തീപിടുത്തമുണ്ടായാല്‍ ജനങ്ങളെ എങ്ങനെ രക്ഷിക്കാനാകുമെന്നും അതുകൊണ്ട് പ്രവര്‍ത്തനാനുമതി നല്കിയ അധികൃതര്‍ അഴിമതിയിലൂടെയാണ് ഇത് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വാദം ശരിയല്ലെന്നും സിപിഎമ്മിലെ മേഴ്സി വില്യംസ് ചെയര്പേഴ്സണായിരിക്കുമ്പോഴാണ് ഈ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും ഭരണപക്ഷത്തെ ലിനോ ജേക്കബ് വാദിച്ചു. പ്രതിപക്ഷം അനുമതി നല്കിയ പെന്റാമേനകയുടെ അവസ്ഥ ഇന്ന് എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ലിനോജേക്കബും മഹേഷ് കുമാറും തമ്മില്‍ വാക്കേറ്റമായി. പ്രതിപക്ഷ ബഹളം തുടങ്ങിയതോടെ മേയര്‍ ചെയറിലെത്തി. നഗരസഭയിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മേയര്‍ ചര്‍ച്ചക്ക് മറുപടിയായി പറഞ്ഞു. ഇടപ്പള്ളിയിലെ സ്വകാര്യ ആസ്പത്രി സംബന്ധിച്ച പരാതി അന്വേഷിക്കും. നഗരമധ്യത്തിലെ ഷോപ്പിംഗ് മാള്‍ സംബന്ധിച്ച് ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നഗരസഭക്ക് കോടതി നിര്‍ദേശം പാലിക്കേണ്ടതുണ്ട്. നഗരസഭ ഈ കെട്ടിടവുമായി എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളൂം കോടതി വിധിക്ക് അനുസൃതമായിരിക്കും. കെട്ടിടത്തില്‍ 6, 7, 8 നിലകളില്‍ തിയറ്ററിനാണ് പെര്‍മിറ്റ് ചോദിച്ചിരിക്കുന്നത്. അതിനായി അന്തിമ വിധി വരുന്നത് വരെ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത് എന്നും മേയര്‍ പറഞ്ഞു. കോടതിയുടെ അന്തസത്ത മാനിക്കുന്നതായും മേയര്‍ പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ അജണ്ട പരിഗണനാ വേളയില്‍ പറയാമെന്നും മേയര്‍ റൂളിംഗ് നല്കി. നഗരത്തിലെ തെരുവ് നായയുടെ ശല്യം വര്‍ധിച്ചിരിക്കയാണെന്ന് ലിനോ ജേക്കബ് പറഞ്ഞു. കൊച്ചുകുട്ടികള്‍ക്ക് പോലും തെരുവ് നായയുടെ കടിയേറ്റ് ചികില്‍സയില്‍ കഴിയുന്നത് വേദനാജനകമാണ്. അടുത്ത കൗണ്‍സില്‍ യോഗത്തിന് മുമ്പ് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഡെപ്യുട്ടിമേയറെ താന്‍ കടിക്കേണ്ടി വരുമെന്നും തമാശ രൂപേണ ലിനോ പറഞ്ഞു. നഗരത്തിലെ മാലിന്യം ശേഖരിക്കുന്ന കവചിത വാഹനങ്ങള്‍ കട്ടപ്പറത്താണെന്നും 35-ാളം സ്വകാര്യ ലോറികള്‍ വാടകക്കാണ് ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നതെന്നും പ്രതിപക്ഷത്തെ സുനില്‍ കുമാര്‍ ആരോപിച്ചു. കഴിഞ്ഞ 40 വര്‍ഷത്തെ നഗരസഭയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ അവസാനത്തെ നാലര വര്‍ഷത്തെ ഭരണമാണ് ഏറ്റവും മികച്ചതെന്നും ഭരണപക്ഷത്തെ പ്രേം കുമാര്‍ പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന നഗരസഭയിലെ താല്കാലിക ജീവനക്കാരെ സ്ഥിരമാക്കണമെന്നും പ്രേംകുമാര്‍ ആവശ്യപ്പെട്ടു. പള്ളുരുത്തി ആസ്പത്രിയുടെ മൂന്നര ഏക്കര്‍ സ്ഥലം സെമിറ്റ് നേഴ്സിംഗ് കോളജിന് താല്കാലികമായി വിട്ടുനല്‍കിയത് കഴിഞ്ഞ ഇടത് ഭരണ സമിതിയാണ്. കോളജിന് സ്വന്തം കെട്ടിടം നിര്‍മിച്ചിരിക്കുന്നതിനാല്‍ ഈ ഭൂമി തിരിച്ച് പിടിക്കാന്‍ നടപടി വേണമെന്ന് പ്രേംകുമാര്‍ ആവശ്യപ്പെട്ടു. അനുവദിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയതിന് സംസ്ഥാനത്തെ ഏറ്റുവും മുന്നില്‍ കൊച്ചി നഗരസഭക്ക് എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടി ജെ വിനോദ് പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങള്‍ ഏതെങ്കിലും അനധികൃതമായി ഓടാതിരുന്നാല്‍ അവക്കെതിരെ നടപടിയെടുക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. മേഴ്സി വില്യംസിന്റെ കാലത്ത്് വാങ്ങിയ ലോറികള്‍ ഇടപ്പള്ളി സോണല്‍ ഓഫീസില്‍ കട്ടപ്പുറത്താണെന്നും വിനോദ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ഒരുപാട് വികസനങ്ങള്‍ നഗരസഭ നടത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ പ്രതിപക്ഷ ആരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും വിനോദ് പറഞ്ഞു. കൗണ്‍സിലര്‍മാരായ കര്‍മലി, മിനിമോള്‍, മഹേഷ്, ആന്റണി കുരീത്തറ, പ്രേംകുമാര്‍, തമ്പി സുബ്രഹ്മണ്യം, സുനിത ഷെല്വം, സോജന്, വല്സലാകുമാരി, റിനേഷ്, ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.