കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതി നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും

അടുത്ത വർഷം ഏപ്രിൽ മുതൽ ഭാരത് സ്റ്റെജ് 4 ഇന്ധനം കേരളത്തിൽ

കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ 24 മണിക്കൂറും നിർമാണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി. വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വ്യവസായ സൗഹൃദ സമിതിയുടെ ( ഐ ആർ സി ) യോഗത്തിലാണ് തീരുമാനം. 12മണിക്കൂർ നീളുന്ന രണ്ടു  ഷിഫ്റ്റുകളായി നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനമായത്.  ഈ വർഷം ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും 2016 ഏപ്രിലിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നും  ബി പി സി  എൽ എക്സിക്യുട്ടീവ്‌ ഡയറക്ടർ പ്രസാദ് പണിക്കർ അറിയിച്ചു. എഴുപത് ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് പൊതുമേഖലയിലെ ഏറ്റവും വലിയ റിഫൈനറിയായി കൊച്ചി റിഫൈനറി മാറും. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ അടുത്ത വർഷം ഏപ്രിൽ മുതൽ ഭാരത് സ്റ്റെജ് 4 ഇന്ധനം കേരളത്തിൽ ലഭ്യമാകും. ഇതിനു മുന്നോടിയായി മാർച്ച് 15 മുതൽ കൊച്ചിയിലും തിരുവനന്തപുരത്തം  ഭാരത് സ്റ്റെജ് 4 ഇന്ധനം ലഭ്യമാക്കും. മികച്ച ഗുണമേന്മയോടൊപ്പം ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹൃദവും  ഉറപ്പ് വരുത്തുന്നതാകും ഇത്.

 

സംയോജിത റിഫൈനറി വിപുലീകരണ പദ്ധതിയിലൂടെ കൊച്ചി റിഫൈനറിയുടെ സംസ്കരണ ശേഷി 60 ശതമാനം വർധിക്കും. നിലവിലെ 9.5 മില്യൻ മെട്രിക് ടണ്ണിൽ നിന്നും 15.5 മില്യൻ മെട്രിക് ടണ്ണായി ശേഷി വർധിക്കും. ഇത് വഴി എൽ പി  ജി,മണ്ണണ്ണ, പെട്രോൾ, ഡീസൽ എന്നിവയടക്കമുള്ള പെട്രോളിയം ഉത്പ്പന്നങ്ങളുടെ ലഭ്യത വൻതോതിൽ വർധിക്കും. ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന .5 കോടി മെട്രിക് ടണ്‍ പ്രോപ്പിലീൻ അടിസ്ഥാനമാക്കി പ്രോപ്പ്ലീൻ ഡേറിവേറ്റീവ് പെട്രോകെമിക്കൽ പദ്ധതിയും ഉടൻ നിലവിൽ വരും. ഇതിനായി പരിസ്ഥിതി വകുപ്പിന്റെ അനുമതി രണ്ടു മാസത്തിനകം ലഭിക്കുമെന്നാണ് റിഫൈനറിയുടെ പ്രതീക്ഷ. 4800 കോടി രൂപയുടെ പദ്ധതിയാണിത്. ഇതടക്കം 24,500 കോടി രൂപ മുതൽമുടക്കുള്ള പദ്ധതികളാണ് കൊച്ചി റിഫൈനറി നടപ്പാക്കുന്നത്. സംസ്ഥാനത്ത് വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന പെട്രോകെമിക്കലുകൾ  ലഭ്യമാകുമ്പോൾ കേരളത്തിലെ വ്യവസായ വികസനത്തിന്  പുതിയ സാധ്യതകൾ തുറക്കും. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പെറ്റ്കൊക്  ഉപയോഗിച്ച് 500 മെഗാ വാട്ട് വൈദ്യുതി ഉണ്ടാക്കാൻ കഴിയും. 1.3മില്യൻ പെറ്റ്കൊക് നിലവിൽ കൊച്ചി റിഫൈനറിയിൽ സ്റ്റോക്ക് ഉണ്ട്.

കൊച്ചി – കോയമ്പത്തൂർ-സേലം വാതക പൈപ്പ്ലൈൻ പദ്ധതിയും റിഫൈനറിയുടെ ഭാവി വികസനത്തിന്റെ ഭാഗമായുണ്ട്. ഇത് നടപ്പാകുന്നതോടെ കേരളം എൽ പി ജിയുടെ കാര്യത്തിൽ നൂറു ശതമാനം സ്വയംപര്യാപ്തത നേടും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതായും പ്രസാദ് പണിക്കർ വെളിപ്പെടുത്തി.

റിഫൈനറിയുടെ സംയോജിത വികസന പദ്ധതി രാജ്യത്തിന്‌ തന്നെ മാതൃകയാണെന്നും തൊഴിൽ സമരം മൂലം ഒരു ദിവസം പോലും ഇവിടെ നിർമാണം തടസപ്പെടില്ലന്നു യോഗത്തിൽ പങ്കെടുത്ത ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉറപ്പ് നൽകി. ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്ത് പദ്ധതി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.9000ഇതര സംസ്ഥാന തൊഴിലാളികളും12,000തദ്ദേശ തൊഴിലാളികളും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. തുല്യ ജോലിക്ക് തുല്യ വേതനം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.ചന്ദ്രൻപിള്ള പറഞ്ഞു. അസിസ്റ്റന്റ്റ് ലേബർ കമ്മീഷണർ ഗോമസ്,ഡെപ്യൂട്ടി ലേബർ കമ്മീഷണർ ശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 

Add a Comment

Your email address will not be published. Required fields are marked *