കൊച്ചി രാജ്യാന്തര ഹൃസ്വചിത്രമേളയ്ക്ക്നാളെ രാജേന്ദ്രമൈതാനിയില്‍ തിരി തെളിയും

കൊച്ചി: ഒന്നാമത് കൊച്ചി രാജ്യാന്തര ഹൃസ്വചിത്ര മേള (കിസ്ഫി)യ്ക്ക് നാളെ എറണാകുളം രാജേന്ദ്രമൈതാനിയില്‍ തിരിതെളിയുമെന്ന് കിസ്ഫി ചെയര്‍മാന്‍ ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാലും കോ-ചെയര്‍മാന്‍ ജില്ല കളകടര്‍ എം.ജി.രാജമാണിക്യവും അറിയിച്ചു.മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹൃസ്വചിത്രോല്‍സവത്തില്‍ പൊതു, വിദ്യാര്‍ഥി, കൊങ്കണി വിഭാഗങ്ങളിലായി മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നായുള്ള 142 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗങ്ങളിലെ മൂന്ന് മികച്ച സിനിമയ്ക്ക് അവാര്‍ഡ് നല്‍കും. ഇതിനു പുറമെ സംവിധാനം, തിരക്കഥ, നടന്‍, നടി, എഡിറ്റിങ്, ക്യാമറ എന്നീ മേഖകളിലും അവാര്‍ഡുണ്ടാകും. അറബിക്കടലിന്റെ റാണിയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ശില്‍പ്പവും പ്രശസ്തി പത്രവും  പണവും അടങ്ങിയതാണ്  അവാര്‍ഡ്.

സമകാലീന ലോകത്തിന്റെ രാഷ്ട്രീയ സാമൂഹ്യവിഷയങ്ങള്‍ ചര്‍ചചെയ്യുന്ന ലോക സിനിമ വിഭാഗത്തോടൊപ്പം കശ്മീരില്‍ നിന്നുള്ള ഗുള്‍ റിയാസിന്റെ ഉറുദു സിനിമ ഗുള്‍, സുദീപ് ബാനികിന്റെ ആസാമി ചിത്രം സിന്ദഗി ഏക് കഹാനി, എസ്.കൃഷ്ണമൂര്‍ത്തിയുടെ തെലുഗു സിനിമ കോരമേനു, ദുനര്‍ ലിങ്‌തോയുടെ  മേഘാല സിനിമ കലാഡ്, കൊല്‍ക്കൊത്തയില്‍ നിന്നുള്ള റുചിര്‍ അറുണിന്റെ 50 ക്ലോക് ആക്‌സിഡന്റ്, ന്യൂദല്‍ഹിയില്‍ നിന്നുള്ള സംവിധായിക ശിഖയുടെ മിറര്‍ നെവര്‍ ലൈ, പഞ്ചാബി സിനിമ ഷാഡോ, പൂനെയില്‍ നിന്നുള്ള മാട്രിസ് സൈലന്റ് സാഗ, ഗുജറാത്തി സിനിമ ഈശ്വര്‍ അല്ല തേരേ നാം, മുംബൈയില്‍ നിന്നുള്ള 10.30 ചാലിയേന്‍ സ്‌കൂള്‍ തുടങ്ങിയവ മേളയുടെ ദേശീയ പ്രതീകങ്ങളാണ്.മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ എണ്ണത്താലും സര്‍ഗാത്മകതയാലും ലോകനിലവാരത്തിലേക്കുയരുന്ന കൊഴ്ച കിസ്ഫിയുടെ മുഖമുദ്രയാകും. ഇന്ത്യന്‍ സിനിമയുടെ ഭാവി വാഗ്ദാനമാകുന്ന യുവനിരയുടെ സര്‍ഗാത്മകതയുടെ വിലയിരുത്തലും ദേശീയ സംഗമവുമായി കിസ്ഫി മാറുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജില്ല ഭരണകൂടം, ജി.സി.ഡി.എ., ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ടൂറിസം വകുപ്പ്, മിത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നു ദിവസത്തെ മേള. നേരത്തെ മറൈന്‍ഡ്രൈവില്‍ നിശ്ചയിച്ചതാണെങ്കിലും മറ്റൊരു പരിപാടി അവിടെ നടക്കുന്നതിനാല്‍ സിനിമയുടെ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായാണ് വേദി രാജേന്ദ്രമൈതാനിയിലേക്കു മാറ്റിയത്.

Add a Comment

Your email address will not be published. Required fields are marked *