കൊച്ചി മെട്രോ: പ്രവർത്തനങ്ങളിൽ ഡി എം ആർ സി ക്കും അതൃപ്തി
കൊച്ചി: മെട്രോ റെയിൽ പദ്ധതി നിശ്ചിത സമയത്ത് ഓടുമെന്നു മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും കെ എം ആർ എല്ലിന്റെ നടപടികളിലും സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ വകുപ്പുകളുടെ ഇരട്ടത്താപ്പിലും ഡി എം ആർ സിക്ക് കടുത്ത അതൃപ്തി. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി മെട്രോ നിർമാണ പുരോഗതി വിലയിരുത്തുന്നതിൽ നിന്ന് ഇ. ശ്രീധരൻ വിട്ടു നിൽക്കുകയാണ്. കെ എം ആർ എല്ലിന്റെ നിസ്സഹകരണവും ജില്ലാ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും മെട്രോ നിർമാണത്തെ സാരമായി ബാധിച്ചതായാണ് ഡി എം ആർ സി വിലയിരുത്തൽ. മെട്രോ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ഡി എം ആർ സി യുമായി സഹകരിക്കാൻ കെ എം ആർ എൽ തയ്യാറായിരുന്നില്ല. മാത്രമല്ല കെ എം ആർ എൽ ഓഫീസിൽ നിന്ന് തന്നെ തങ്ങൾക്കെതിരായി വാർത്ത പോകുന്നതിലും ശ്രീധരന് കടുത്ത അമർഷമുണ്ട്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം ഒട്ടൊന്നുമല്ല ശ്രീധരനെ ചൊടിപ്പിച്ചത്.
തുടക്കം മുതൽ മെട്രോ നിർമാണം പല കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. തൊഴിൽ പ്രശ്നങ്ങൾ പരിഹരിച്ച് വന്നപ്പോൾ മണൽ അടക്കമുള്ള പ്രശ്നങ്ങൾ ബാധിച്ചു. പിന്നീട് ക്വാറി സമരം. അതിനൊപ്പം സ്ഥലമേറ്റെടുക്കൽ കൂടി വൈകിയതോടെ മെട്രോ വൈകുന്നതിനോപ്പം ഗതാഗത കുരുക്കിൽ പെട്ട് ജനങ്ങളും വലയുകയാണ്. ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കണം എന്ന് കാട്ടി മാസങ്ങൾക്ക് മുൻപേ കെ എം ആർ എൽ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു. 48 മണിക്കൂറിനകം സ്ഥലം ഏറ്റെടുക്കാമെന്നിരിക്കെ കളക്ടർ ഇത് വൈകിച്ചത് ഉന്നത ഇടപെടൽ മൂലമാണ്. എന്നാൽ ഒരു വശത്ത് കത്ത് നൽകുകയും മറുവശത്ത് ശീമാട്ടിക്ക് വിടുപണി ചെയ്യുകയുമാണ് കെ എം ആർ എൽ ചെയ്തത്. രഹസ്യമായി ശീമാട്ടിക്ക് അനുകൂലമായ തീരുമാനം എടുപ്പിക്കുന്നതിലായിരുന്നു കെ എം ആർ എല്ലിനു താത്പര്യം. എന്നാൽ ബീനാ കണ്ണൻ അടിക്കടി വാക്ക് മാറ്റുകയും ധാരണകളിൽ നിന്ന് പിന്നോക്കം പോവുകയും ചെയ്തതോടെ കെ എം ആർ എല്ലും ശീമാട്ടിയെ ഗത്യന്തരമില്ലാതെ കൈവിടുകയായിരുന്നു. എങ്കിലും ചില ഉന്നത കോണ്ഗ്രസ് നേതാക്കളുടെ തത്പ്പര്യത്താൽ ചില അലിഖിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തത്. എന്നാൽ ബീനാ കണ്ണൻ സ്ഥലം വിട്ട് നൽകി എന്ന തരത്തിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്.
ജിബി സദാശിവൻ
കൊച്ചി