കൊച്ചിയില്‍ മയക്ക് മരുന്ന് പാര്‍ട്ടികള്‍ സജീവം; നടപടി എടുക്കാനാവാതെ പൊലിസ്

കൊച്ചി: ആഡംബര ഹോട്ടലുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് സ്‌മോക്കെഴ്‌സ് പാര്‍ട്ടി എന്ന പേരില്‍ മയക്ക്മരുന്ന് പാര്‍ട്ടികളും നിശാ പാര്‍ട്ടികളും സജീവമാകുമ്പോഴും നടപടിയെടുക്കേണ്ട പൊലീസ് നിശബ്ദത പാലിക്കുന്നു. ഉന്നതങ്ങളില്‍ സ്വാധീനമുള്ള സിനിമ ബിസിനസ് മേഖലയിലെ പ്രബലരാണ് കൊച്ചിയില്‍ ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ മയക്ക് മരുന്ന് ശൃംഖലകളെ കുറിച്ച് പോലീസിന് വ്യക്തമായ ധാരണ ഉണ്ടെങ്കിലും ഉന്നതങ്ങളിലെ ഇടപെടല്‍ പൊലിസ് നടപടിക്ക് വിലങ്ങു തടിയാകുന്നു. അടുത്തിടെ കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ പോലിസ് സംഘം റെയിഡിന് എത്തിയെങ്കിലും സേനക്കുള്ളില്‍ നിന്ന് തന്നെ റെയിഡ് വിവരം ചോര്‍ന്നതിനാല്‍ ഒരു ചെറിയ കഞ്ചാവ് പൊതി മാത്രമാണ് പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്.

പിന്നീട് മറൈന്‍ഡ്രൈവിലെ ഒരു ആഡംബര നൗകയില്‍ നിന്നും പൊലിസ് മയക്ക് മരുന്ന് പിടികൂടിയിരുന്നു. സിനിമ ബന്ധമുള്ളവരും മോഡലിങ് രംഗത്തുള്ളവരുമാണ് പ്രധാനമായും മയക്ക് മരുന്നിന്റെ കണ്ണികളെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു യുവ നടന്‍ പതിവായി മയക്ക് മരുന്നിന് അടിമയാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പല പുതുമുഖ നടന്മാരും പതിവായി മയക്ക്മരുന്ന് ഉപയോഗിക്കുന്നവരാണെന്ന് സംവിധായകന്‍ വിനയന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് സ്‌മോക്കെഴ്‌സ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. അടുത്തിടെ ചുംബന സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ചിലര്‍ക്കും സ്‌മോക്കെഴ്‌സ് പാര്‍ട്ടിയുടെ നടത്തിപ്പുമായി ബന്ധമുണ്ടെന്ന വിവരവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്ക് മരുന്ന് ലോബി ചില പദ്ധതികള്‍ തയ്യാറാക്കി വരുന്നതായും രഹസ്യാന്വേഷണ വിഭാഗം പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊച്ചിയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌മോക്കെഴ്‌സ് പാര്‍ട്ടികള്‍ സജീവമാണ്. കഴിഞ്ഞ പുതുവര്‍ഷ തലേന്ന് ഇത്തരം നിരവധി പാര്‍ട്ടികള്‍ നഗരത്തില്‍ നടന്നിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി എത്തിയിരുന്നു. ഇന്നലെ പൊലിസ് പിടികൂടിയവരും അത്തരത്തില്‍ എത്തിയവരാണ്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന് ജനവരി എട്ടിനാണ് സ്‌മോക്കേഴ്‌സ് പാര്‍ട്ടിയെ കുറിച്ച് രഹസ്യവിവരം ലഭിച്ചത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് സംഘം ഇന്നലെ പുലര്‍ച്ചെ നിഷാമിന്റെ ഫ് ളാറ്റില്‍ മിന്നല്‍പരിശോധന നടത്തിയത്.
പോലീസെത്തുമ്പോള്‍ ഷൈനും നാലു സ്ത്രീകളും മയക്കുമരുന്ന് ലഹരിയിലായിരുന്നു. 10 ഗ്രാം മയക്കുമരുന്നും കണ്ടെടുത്തു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. കഴിഞ്ഞ സ്‌മോക്കേഴ്‌സ് പാര്‍ട്ടി നടന്നത് ഗോവയിലാണ്.
അവിടെനിന്നാണ് മോഡലുകളായ ടിന്‍സിയും രേഷ്മയും സ്‌നേഹയുമെത്തിയത്. ഇവര്‍ തമ്മില്‍ ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെട്ടത്. ഓണ്‍ലൈനിലൂടെയാണ് പാര്‍ട്ടിക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ നടത്തിയതും. നിഷാമിന്റെ ഫഌറ്റ് കേന്ദ്രീകരിച്ച് കുറച്ചുകാലമായി മയക്കുമരുന്ന് വില്‍പ്പന നടന്നിരുന്നു.

Add a Comment

Your email address will not be published. Required fields are marked *