കൊച്ചിക്കുപിന്നാലെ തൃശൂരിനേയും പ്രധാന ഐടി ഹബ്ബാക്കാന്‍ പദ്ധതി

കൊച്ചി (ഹിന്ദുസ്ഥാന്‍ സമാചാര്‍): കൊച്ചിക്കു പിന്നാലെ തൃശൂരിനെയും മധ്യകേരളത്തിലെ പ്രധാന ഐടി ഹബ്ബാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊരട്ടി ഐടി പാര്‍ക്കിന്റെ വളര്‍ച്ചക്കായി ഇന്‍ഫോപാര്‍ക്ക് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുന്നു. അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ കൂടാതെ കൊരട്ടിയിലേക്ക് കൂടുതല്‍ ഐടി കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

തൃശൂരിലെ ഇന്‍ഫോപാര്‍ക്കിന് കേരളത്തിലെ പ്രധാന ഐടി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ ഋഷികേശ് നായര്‍ പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കും ദേശീയപാതയിലേക്കും പെട്ടെന്ന് എത്താനാകുമെന്നതാണ് ഇതില്‍ പ്രധാനം. ഇതുപയോഗിച്ച് പാര്‍ക്കിനെ ബ്രാന്‍ഡ് ചെയ്യാനും പ്രധാന ഇടപാടുകാരെ ആകര്‍ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള രണ്ടു ലക്ഷം ചതുരശ്ര അടി തൊഴിലിടം ഇപ്പോള്‍ത്തന്നെ ഉപയോഗത്തിലായിക്കഴിഞ്ഞു. 3.3 ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ബ്ലോക്ക് വരുന്ന മെയ് മാസത്തോടെ പൂര്‍ത്തിയാകും. വന്‍കിട കമ്പനികള്‍ക്കൊപ്പം വളര്‍ന്നു വരുന്ന പുതിയ കമ്പനികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ പദ്ധതിക്കു കീഴില്‍ നീന്തല്‍ക്കുളം, ജിംനേഷ്യം, കഫെറ്റീരിയ, വനിതകള്‍ക്കുള്ള ഹോസ്റ്റല്‍ തുടങ്ങിയവയവും മറ്റ് സൗകര്യങ്ങള്‍ക്കൊപ്പമുണ്ടാകും.

ഇന്ത്യയിലെ ഒന്നും രണ്ടും ഘട്ട ഐടി ഹോട്‌സ്‌പോട്ടുകളെ അപേക്ഷിച്ച് തൃശൂരിലെ ഇന്‍ഫോപാര്‍ക്കിന്റെ 30 ഏക്കര്‍ ഭൂവിസ്തൃതി ഇവിടുത്തെ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തേക്കുള്ള തടസ്സരഹിതമായ യാത്ര ഉറപ്പുനല്‍കുന്നു. പ്രകൃതി സൗഹൃദ രീതിയില്‍ തയ്യാറാക്കുന്ന പാര്‍ക്ക് മലിനീകരണമില്ലാത്ത അന്തരീക്ഷവും ഉറപ്പാക്കുന്നുണ്ട്. കൊച്ചിയിലേക്കോ തൃശൂരിലേക്കോ ഏതാനും മിനിട്ടുകള്‍ വാഹനമോടിച്ചാല്‍ ഷോപ്പിംഗ് മാളും റസ്റ്റോറന്റും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളുമുള്‍പ്പെടെ വിനോദ കേന്ദ്രങ്ങളിലെത്താം.

നിലവില്‍ 29 കമ്പനികളിലായി 600 ജീവനക്കാരാണ് തൃശൂര്‍ പാര്‍ക്കിലുള്ളത്. മറ്റ് നഗരങ്ങളിലെ ഇതുപോലുള്ള പാര്‍ക്കുകളെ അപേക്ഷിച്ച് ജോലിയില്‍ തുടരുന്നവരുടെ നിരക്കില്‍ ഉയര്‍ച്ചയുള്ളത് ഇവിടുത്തെ സൗകര്യങ്ങളുടെ പ്രത്യേകതയാലാണ്. പ്രവര്‍ത്തന സജ്ജമാകുന്നതോടെ 3000ല്‍പരം പേര്‍ക്കുകൂടി ജോലി നല്‍കാന്‍ സാധിക്കുന്ന പുതിയ മന്ദിരത്തിലേക്ക് ഇപ്പോള്‍തന്നെ ഒരു ഡസനിലേറെ കമ്പനികളുടെ മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *