കൈക്കൂലി: നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി- കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കളമശേരി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൗലോസ്, എ എസ് ഐ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ, സനല്‍ എന്നിവരെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി നാരായണന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ നിന്ന് ഒഴിവാക്കാന്‍ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട്് വിലപേശിയ കവിതാ എസ് പിള്ളക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.  പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സും തീരുമാനിച്ചു.

പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഒരു കഞ്ചാവ് കേസ് പ്രതിയെ ഫോണ്‍ ചെയ്തപ്പോളാണ് കൊച്ചി ചളിക്കവട്ടം സ്വദേശി അന്‍സലിനെയും മലപ്പുറം സ്വദേശി ആദിത്യനെയും പൊലീസ് കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി പോലീസ് പിടികൂടിയത്. സുഹൃത്തായ ലൂയിയെ കണ്ടെത്താന്‍ സഹായിച്ചാല്‍ വെറുതെ വിടാമെന്ന് പറഞ്ഞ പോലീസ് ലൂയിയെ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ പുറത്തു വിടണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കസ്റ്റഡിയിലിരിക്കെ എടിഎം കാര്‍ഡില്‍ നിന്ന് 12,000 രൂപ പിന്‍വലിച്ച് അന്‍സല്‍ പൊലീസിനു നല്‍കി. ഇതിന്റെ തെളിവ് കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സംഘത്തിന് അന്‍സാര്‍ കൈമാറിയിട്ടുണ്ട്. ജാമ്യമെടുക്കാന്‍ വന്നയാളിന്റെ കൈവശം അന്‍സലിന്റെ എടിഎം കാര്‍ഡ് കൊടുത്തുവിട്ടാണ് പൊലീസ് പണം പിന്‍വലിപ്പിച്ചത്. ഇതോടെ അന്‍സലിനെ വിട്ടയച്ചു.
ആദിത്യനെ ജാമ്യത്തിലിറക്കാന്‍ കളമശേരി സ്റ്റേഷനിലെത്തിയ ഗീതയുടെ സുഹൃത്തുക്കളായ ചന്ദബോസ്, അഡ്വ. അഭിലാഷ് എന്നിവരോട് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് 4,000 രൂപ കൈക്കൂലി വാങ്ങിയതായി പരാതിയുണ്ട്. പിന്നീടാണ് കൂടുതല്‍ പണം ആവശ്യപ്പെട്ട് കവിത ഗീതയെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. കേസില്‍ നിന്ന് ഒഴിവാക്കാന്‍ രണ്ടു ലക്ഷം രൂപയാണ് കവിതാ പിള്ള ആവശ്യപ്പെട്ടത്. ജാമ്യം കിട്ടിയെന്നു കരുതി ചോദിക്കുന്ന പണം പൊലീസുകാര്‍ക്ക് നല്‍കിയില്ലെങ്കില്‍ മറ്റു കേസുകളില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. ഗ്രേഡ് എസ്. ഐ പൗലോസിനും, ഷാഡോ പൊലീസിലെ പൊലീസുകാരന്‍ ഇസഹാക്കിനും നല്‍കാനാണ് പണമെന്നും കവിത പറഞ്ഞു. ഷാഡോ പൊലീസ് നിര്‍ദ്ദേശിച്ചതിനാലാണ് വിളിക്കുന്നതെന്നും കവിത പറഞ്ഞിരുന്നു. ഇത്രയും പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗീത നല്‍കിയില്ല. ഭീഷണി തുടര്‍ന്നതോടെ സംഭാഷണം ഇവര്‍ റെക്കോഡ് ചെയ്ത് പുറത്തു വിടുകയായിരുന്നു. വിജിലന്‍സില്‍ പരാതിയും നല്‍കി. ഇതോടെ കവിത പിള്ള മുങ്ങിയിരിക്കുകയാണ്.ഡി സി പിയുടെ വകുപ്പു തല അന്വേഷണത്തിന് സമാന്തരമായി വിജിലന്‍സും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഗ്രേഡ് എസ് ഐയും എ എസ് ഐയും കുറ്റക്കാരാണെന്നാണ് വിജിലന്‍സ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തിനായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. ഇന്ന് അനുമതി ലഭിക്കുമെന്നും പോലീസുകാരെ പ്രതികളാക്കി ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വിജിലന്‍സ് എസ് പി അറിയിച്ചു. നാളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ നല്‍കും.

Add a Comment

Your email address will not be published. Required fields are marked *