കേശവേന്ദ്രകുമാർ പ്രശ്നം കൂടുതൽ വിവാദത്തിലേക്ക്

തിരുവനന്തപുരം : ഹയർ സെക്കണ്ടറി ഡയരക്ടർ ആയിരുന്ന കേശവേന്ദ്രകുമാറിനെ കെഎസ് യുക്കാർ ബന്ധിയാക്കുകയും കരിഓയിൽ പ്രയോഗം നടത്തുകയും ചെയ്ത കേസ് പിൻവലിക്കാനുള്ള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തീരുമാനം വിവാദതിലേക്ക്.  കേസ് പിൻവലിച്ച സംഭവം മുഖ്യമന്ത്രിയിൽ നിന്നും കൈവിട്ടു പോകുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് പിന്നാലെ ഐഎഎസ് അസോസിയെഷനും, വി.എം.സുധീരനും.  മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ രമേശ്‌ ചെന്നിത്തലയ്ക്കെതിരെ എ ഗ്രൂപ്പും. സംഭവം വിവാദമാക്കിയതും, മുഖ്യമന്ത്രിയെ കുടുക്കിയതും ചെന്നിത്തല എന്ന് എ ഗ്രൂപ്പ്. കേസ് പിൻവലിച്ചു പ്രശ്നം ഒതുക്കിതീർക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പ്രശ്നത്തിൽ ഇരയായ നിലവിൽ വയനാട് കളക്ടറായ  കേശവേന്ദ്രകുമാറിന്റെ എതിർപ്പോടെ തന്നെ കൈവിട്ടു പോയിരുന്നു. കേശവേന്ദ്രകുമാറിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല തന്നെ ഈ കാര്യത്തിൽ തനിക്കോ തന്റെ വകുപ്പിനോ ഒരു ബന്ധവുമില്ലെന്ന് തുറന്നടിച്ചിരുന്നു. രമേശ്‌ ചെന്നിത്തലയ്ക്ക് പിന്നാലെ വി.എം.സുധീരനും കേസ് പിൻവലിച്ചതിനെതിരെ ശക്തമായി രംഗത്തെത്തി. മാനദണ്ഡ ങ്ങൾ പാലിച്ചു വേണം കേസുകൾ പിൻവലിക്കാനെന്നാണ് സുധീരൻ പറഞ്ഞത്. കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ ജാഗ്രത വേണമെന്നും സുധീരൻ പറഞ്ഞു. സുധീരന് പിന്നാലെ തന്നെ ഐഎഎസ് അസോസിയെഷനും ശക്തമായി രംഗതെത്തി. കേസ്‌ പിൻവലിച്ച കാര്യത്തിൽ തങ്ങൾക്കുള്ള ദുഖവും, പ്രതിഷേധവും തങ്ങൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ധരിപ്പിക്കുമെന്ന് ഐഎ എസ് അസോസിയേഷൻ ഭാരവാഹികൾ ഹിന്ദുസ്ഥാൻ സമാചാറി നോട് പറഞ്ഞു.  കേസ്‌ പിൻവലിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ കേശവേന്ദ്രകുമാർ തന്നെ ശക്തമായി മുന്നോട്ട് വന്നിരുന്നു. കേശവേന്ദ്ര കുമാർ തന്നെ വിളിച്ചു ഈ കാര്യത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തി എന്ന കാര്യം ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല തന്നെമാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു സമ്മതിച്ചിരുന്നു. കേസ് ഒതുക്കി തീർത്തതിൽ തനിക്ക് പങ്കില്ലെന്നും, കേസ് പിൻവലിക്കുന്ന വകുപ്പ് പോലിസിനില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഇതോടെ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി നേരിട്ട് തന്നെ രംഗത്ത്‌ വന്നു കേസ്‌ പിൻവലിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കുള്ള അധികാരമാണ് ഈ കാര്യത്തിൽ  താൻ പ്രയോഗിച്ചത് എന്നാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞത്. പക്ഷെ കെഎസ് യുക്കാർ കരി ഓയിൽ ഒഴിക്കേണ്ടത് ആദ്യം തന്റെ മുഖത്തായിരുന്നുവെന്നാണ് ഉമ്മൻചാണ്ടി മുൻപ് പറഞ്ഞിരുന്നത്. വിവാദങ്ങൾ അടങ്ങിയപ്പോൾ  മുഖ്യമന്ത്രി തന്നെ മുൻകയ്യെടുത്തു കേസ് പിൻ വലിക്കുകയായിരുന്നു. കേശവേന്ദ്രകുമാർ പ്രശ്നത്തിൽ ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണും. കേശവേന്ദ്രകുമാർ കാര്യത്തിൽ  തങ്ങൾക്കുള്ള പ്രതിഷേധം അവർ ഔദ്യോഗികമായി മുഖ്യമന്ത്രിയെ അറിയിക്കും.  ഈ കാര്യത്തിൽ വിഷമവും, പ്രതിഷേധവും, അമർഷവുമാണ് ഐഎഎസ് അസോ സിയേഷൻ അംഗങ്ങൾ പ്രകടിപ്പിക്കുന്നത്. കേസ് പിൻവലിച്ച കാര്യത്തിൽ തങ്ങൾക്കുള്ള വിഷമം അവർ മുഖ്യമന്ത്രിയോട് നെരിട്ട് പറയും. ഇതു ഒരു ക്രിമിനൽ കുറ്റമായിട്ടാണ് ഐഎഎസ് അസോസിയേഷൻ കാണുന്നത്. സർക്കാർ ഉദ്യോഗസ്ഥരെ ഡി-മൊറലൈസ് ചെയ്യുന്ന ഒരു കാര്യമായിട്ടാണ്‌ അസോസിയേഷൻ വിലയിരുത്തുന്നതെന്ന്  മുഖ്യമന്ത്രിയെ അറിയിക്കും. സർക്കാരിന്റെ നയങ്ങളും നടപടികളും നടപ്പിലാക്കുന്നവരാണ് ഐഎഎസ്സുകാർ. അവർക്ക് ഭരിക്കുന്ന പാർട്ടിയുടെ അണികളിൽ നിന്ന് തന്നെ ഈ രീതിയിലുള്ള പ്രതികരണം കിട്ടിക്കഴിഞ്ഞാൽ അതവരുടെ ആത്മാഭിമാനം തന്നെ തകർക്കുന്നതാണേന്ന്‌ മുഖ്യമന്ത്രിയോട് പറയും. ഐഎഎസ് അസോസിയേഷൻ ഭാരവാഹികൾ ഹിന്ദുസ്ഥാൻ സമാചാറിനോട് പറ ഞ്ഞു. പ്രശ്നങ്ങളിൽ തീവ്രമായി പ്രതികരിക്കുന്നതിൽ സാധാരണ മടി കാണിക്കാറുള്ള ഐഎഎസ് അസോസിയേഷൻ കൂടി രംഗത്തെത്തിയതോടെ കേശവേന്ദ്രകുമാർ പ്രശ്നത്തിന് രാഷ്ട്രീയ മാനത്തിന് പുറമേ ഔദ്യോഗിക മാനം കൂടി ലഭിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *