കേരളത്തില്‍ ദേശീയ അന്തര്‍ദേശിയ തലത്തിലുളള മയക്കുമരുന്ന് മാഫിയ സജീവമാണെന്നു മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി  : കേരളത്തില്‍ ദേശീയ അന്തര്‍ദേശിയ തലത്തിലുളള മയക്കുമരുന്ന് മാഫിയ സജീവമാണെന്നും തെറ്റു ചെയ്യുന്നവര്‍ എത്ര ഉന്നതനായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കു മരുന്നു മാഫിയകളെ തകര്‍ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അതു കൊണ്ടു തന്നെയാണ് ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. മയക്കു മരുന്ന് വില്‍പന നടത്തുന്ന ആളുകളെ കര്‍ശനമായി നിയന്ത്രിക്കുകയും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യും.ആരു ചെയ്യുന്നുവെന്നല്ല അവര്‍ ചെയ്യുന്ന കുറ്റ കൃത്യമാണ് ഇവിടെ നോക്കുന്നത്. കുറ്റം ആര് ചെയ്താലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. അത് സമൂഹത്തിലെ എത്രവലിയ ഉന്നതനായാലും ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള നടപടിയുണ്ടാകും.

ഇക്കാര്യത്തില്‍ മുഖം നോക്കാതെ പോലീസ് നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മയക്കുമരുന്നു ലോബിയെ പൂര്‍ണമായും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. വളരെയാഴത്തില്‍ വേരുകളുള്ള വിപുലമായ ശൃംഖല തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലുമുള്ള മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.മാവോ വാദികളെ നേരിടുന്നതില്‍ സര്‍ക്കാരിന് യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മറിച്ചുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *