കേന്ദ്രനേതൃത്വത്തിനു കത്തുമായി വീണ്ടും വിഎസ്

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: സിപിഎം കേന്ദ്ര നേതൃയോഗങ്ങള്‍ ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും കേന്ദ്ര കമ്മിറ്റിക്കു കത്തു നല്‍കി. തനിക്കെതിരായ പ്രമേയം സംഘടനാവിരുദ്ധമെന്നു ചുണ്ടിക്കാട്ടിയാണ് വി.എസ്‌. കേന്ദ്ര കമ്മിറ്റിക്കു കത്തു നല്‍കിയത്. സംസ്‌ഥാന സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള കാരണങ്ങളും സാഹചര്യങ്ങളും ബോധ്യപ്പെടുത്തിയാണ്‌ കത്ത്‌. കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് വി.എസ്സിന്റെ ആവശ്യം.

എന്നാല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചയ്‌ക്കെടുക്കണമെന്ന തീരുമാനം ഉള്ളതിനാല്‍ വി.എസ് പ്രശ്‌നം ചര്‍ച്ച ചെയ്യുമോ കാര്യം സംശയമാണ്. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പോരാട്ടം തുടരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ കത്ത് വിഎസ് അയച്ചിട്ടുള്ളത്. പ്രമേയം സംബന്ധിച്ച മുന്‍ നിലപാടില്‍ ഉറച്ചുനിന്ന വി.എസ്‌. തന്റെ നിലപാടുകള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. എല്ലാ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ക്കും നിലപാട്‌ വിശദീകരിച്ചുകൊണ്ടുളള അറിയിപ്പ്‌ നല്‍കണമെന്നും കത്തിലുണ്ട്‌.

സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ വിപ്ലവം സൃഷ്‌ടിച്ചാണു സമ്മേളനവേദിയില്‍ നിന്നു കേന്ദ്രകമ്മിറ്റി അംഗമായ വി.എസ്‌. അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്കു നടത്തിയത്‌. സമ്മേളനറിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതുചര്‍ച്ചയില്‍ തനിക്കെതിരേ ഉയര്‍ന്ന രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്‌. ഈ മാസം ആദ്യം ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുക്കാത്ത വിഎസ് പക്ഷെ എല്‍.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തിരുന്നു. 21, 22 തീയതികളിലാണ് കേന്ദ്രകമ്മിറ്റി യോഗം. അതിനുമുമ്പ് 20ന് പൊളിറ്റ്ബ്യൂറോ ചേരും. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *