കെ എം മാണി ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം : എസ് ആര്‍ പി

കൊച്ചി: സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ  ( എസ് ആര്‍ പി) പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന പിന്നോക്ക മുന്നണി നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇതിനായി ഈ മാസം ആവസാനം വിപുലമായ പിന്നോക്ക മുന്നണി യോഗം കൊച്ചിയില്‍  ചേരാനും നേതൃയോഗം തീരുമാനിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന രാഷ്ട്രീയ സമവാക്യത്തില്‍ അസംഘടിത പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം ഹനിക്കപ്പെടുന്നതായി എസ് ആര്‍ പി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സി കെ വിദ്യാസാഗര്‍ പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി എസ് ആര്‍ പി മാറുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഈഴവ ഐഡെന്റ്റിറ്റി മാറ്റി പൊതു സമൂഹത്തിന് സ്വീകാര്യമായ വിശാല മതേതര രാഷ്ട്രീയ പ്രസ്ഥാനമാക്കി എസ് ആര്‍ പിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ഭൂപരിഷ്‌കരണ നിയമം അനിവാര്യമാണ്. പിന്നോക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണമാണ് ലക്ഷ്യം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചു. യോഗത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. എന്നാല്‍ യോഗം ഒരു രാഷ്ട്രീയ പ്രസ്ഥാനമായി നിലകൊള്ളില്ല. എന്നാല്‍ യോഗം ഭാരവാഹികള്‍ എസ് ആര്‍ പിയുടെ നേതൃനിരയില്‍ ഉണ്ടാകും. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി പിന്നോക്ക ജനവിഭാഗത്തെ മാറ്റുമെന്നും വിദ്യാസാഗര്‍ പറഞ്ഞു.

ധനമന്ത്രി കെ എം മാണി മാറി നിന്ന് ബജറ്റ് ചര്‍ച്ചക്ക് അവസരമോരുക്കണമെന്ന് എസ് ആര്‍ പി ആവശ്യപ്പെട്ടു.ആരോപണ വിധേയരെ സംരക്ഷിക്കാനുള്ള അമിതാവേശം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. വ്യക്തി കേന്ദ്രീകൃതവും മതാധിഷ്ടിതവുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഴിമതി ആരോപണങ്ങള്‍ കൊണ്ട് കുഴപ്പമില്ല. വൈകാരികതകള്‍ മാത്രമാണ് ഇത്തരം പാര്‍ട്ടികളെ നിലനിര്‍ത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും യു പി എ സര്‍ക്കാരിന്റെ പതനം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് പാഠമാകണമെന്നും വിദ്യാസാഗര്‍ പറഞ്ഞു.
എസ് ആര്‍ പി വൈസ് ചെയര്‍മാന്‍ പി.അമ്മിണികുട്ടന്‍, സംസ്ഥാന ട്രഷറര്‍ വി.കെ. അശോകന്‍, ജനറല്‍ സെക്രട്ടറി മോഹന്‍ കര്‍ത്താറ, എറണാകുളം ജില്ലാ സെക്രട്ടറി പി എന്‍ കിഷോര്‍, എസ് എന്‍ ഡി പി യോഗം ബോര്‍ഡ് മെമ്പര്‍ കെ വി ദിനേശന്‍, നേതാക്കളായ വി.തമ്പിരാജ്, ജവഹരി ബാബു,  എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
കൊച്ചിയില്‍ നടന്ന പിന്നോക്ക സമുദായ നേതൃ യോഗത്തില്‍ വിളക്കിത്തല നായര്‍ സമാജം പ്രസിഡന്റ് അഡ്വ. കെ.ആര്‍ സുരേന്ദ്രന്‍, കേരള പുലയന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ടി.ശങ്കരന്‍, വെള്ളാള മഹാസഭ സംസ്ഥാന ട്രഷറര്‍ വി.എസ് വിജയന്‍, ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി പി സുഗതന്‍, പണ്ഡിതര്‍ മഹാസഭ പ്രസിഡന്റ് വി.എ.ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
ജിബി സദാശിവൻ
കൊച്ചി

Add a Comment

Your email address will not be published. Required fields are marked *