കൃത്യസമയത്ത് പഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്ക്കാര്വീമ്പിളക്കി, എന്നാല്‍ ഒന്നുംനടന്നില്ല: ചെന്നിത്തല
തിരുവനന്തപുരം: ഓണപ്പരീക്ഷ പടിവാതില്ക്കല് എത്തിട്ടും കുട്ടികള്‍ക്കു പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രണ്ടുലക്ഷത്തിനടുത്തു പുസ്തകങ്ങള്‍ അച്ചടിച്ചു എങ്കിലും സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ടാണു വിതരണം ചെയ്യാന്‍ കഴിയാതെ പോയത്. കൃത്യസമയത്തതു പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നു സര്‍ക്കാര്‍ വീമ്പിളക്കി എങ്കിലും ഒന്നും നടന്നില്ല. അരലക്ഷം പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനുണ്ട്. സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെങ്കിലും ഇനിയും അച്ചടി തുടങ്ങിട്ടില്ല.
നാല് ദിവസം കൊണ്ട് അച്ചടി പൂര്‍ത്തിയാകും എന്നാണ് പറയുന്നത്. എന്നാല്‍ അപ്പോള്‍ പുസ്തകം ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകുക എന്നും ചെന്നിത്തല പറഞ്ഞു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രം നാല് ലക്ഷത്തോളം പുസ്തകങ്ങള്‍ കിട്ടാനുണ്ട്. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പുസ്തകങ്ങള്‍ കിട്ടാതിരിക്കുമ്പോള്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ വന്‍തോതില്‍ അവ എത്തിച്ചതായി പരാതിയുണ്ട്. വിദ്യാഭ്യാസവകുപ്പ് ആകെ കുത്തഴിഞ്ഞുകിടക്കുന്നതിന്റെ ലക്ഷണമാണിതെന്നും ചെന്നിത്തല ആരോപിച്ചു. ഇത്ര ഗുരുതരമായ അവസ്ഥ ഉണ്ടായിട്ടും വിദ്യഭ്യാസ മന്ത്രിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടാകാത്തത് വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു.