കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മാണത്തിന് 5 കോടി

കൂവപ്പടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ മുന്‍ നീക്കിയിരുപ്പ് ഉള്‍പ്പെടെ 23,58,84,730 രൂപ വരവും 23,07,87,067 രൂപ ചെലവും 50,97,663 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്. ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് സഹായം നല്‍കുന്നതിനായി ബജറ്റില്‍ 5,10,15,316 രൂപ നീക്കി വച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നീക്കി വയ്‌ക്കേണ്ട വിഹിതത്തിന് പുറമെ 2011-12 വര്‍ഷം വീട് ലഭിച്ചവര്‍ക്ക് നല്‍കുന്നതിന് 33,25,000 രൂപയും നീക്കി വച്ചിട്ടുണ്ട്. വിധവകള്‍ക്ക് മാത്രമായി ഭവന നിര്‍മാണത്തിന് ബജറ്റില്‍ 7,68,000 രൂപ നീക്കി വച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിരാ ആവാസ് യോജന ഗ്രാമ ജില്ലാ പഞ്ചായത്തുകളുടെ വിഹിതം എന്നിവ ചേര്‍ത്താണ് ഭവന നിര്‍മാണത്തിന് സഹായം നല്‍കുന്നത്. 2015-16 വര്‍ഷത്തില്‍ ആകെ 369 ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കുവാനാണ് ബജറ്റില്‍ ഉദ്ദേശിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് ധനസഹായം നല്‍കുന്നതിനായി 8 ലക്ഷം രൂപയും നെല്‍ കര്‍ഷകര്‍ക്ക് കൂലിയിനത്തില്‍ നല്‍കുന്നതിനായി 2,24,000 രൂപയും ലൈബ്രറികളുടെ മികച്ച പ്രവര്‍ത്തനത്തിനായി 5,20,000 രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിലെ 6 ഗ്രാമ പഞ്ചായത്തുകളുടെ പാലിയേറ്റീവ് കെയര്‍ പരിപാടിക്ക് 3,24,000 രൂപ നീക്കി വെച്ചിരിക്കുന്നു. കൂടാതെ ഭിന്ന ശേഷിയുള്ളവരുടെ സ്‌കോളര്‍ഷിപ്പിനായി 18,13,500 രൂപ നീക്കിവച്ചിട്ടുണ്ട്. ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി 2,00,000 രൂപയും അനുവദിക്കും. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 68,25,000 രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവജനങ്ങളുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപ നീക്കിവച്ചു. പട്ടികജാതി കോളനിയിലേക്കുള്ള റോഡ്, കുളം സംരക്ഷണം എന്നിവക്കും ഭവന നിര്‍മാണത്തിനും 39,34,000 രൂപ ബജറ്റിലുണ്ട്. സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരം ലഭിക്കുന്ന തുകകൊണ്ട് ശുചിത്വം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് വേങ്ങൂര്‍ കമ്മ്യൂണിററി ഹെല്‍ത്ത് സെന്ററിലേക്ക് മരുന്ന് വാങ്ങുന്നതിനും കൈമാറിക്കിട്ടിയിട്ടുള്ള ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ആസ്തി സംരക്ഷിക്കുന്നതിനും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *