കുരുക്കുകളില്‍ നിന്ന് കുരുക്കുകളിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്തവരെ താനും ഇല്ലാതാക്കും. കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ യുടെ പടപ്പുറപ്പാടിന് പിന്നില്‍ ഇത്രമാത്രമേയുള്ളൂ. പക്ഷെ കോടികളുടെ അഴിമതിയാരോപണം ഉന്നയിച്ചു ഗണേഷ്കുമാര് ലോകായുക്തയില്‍ മൊഴി നല്കുമ്പോള് അതിനു ആധാരമായ തെളിവുകള്‍ കൂടി ഹാജരാക്കിയിട്ടുണ്ട്. അത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്നെതിരെയാണെങ്കിലും നടുക്കടലിലായിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ്. കാരണം അഴിമതിയാണ് പ്രശനം. അതിനു മറുപടി നല്‍കേണ്ടതുണ്ട്. നിലവില്‍ പി.സി.ജോര്‍ജ് പ്രശനം എങ്ങിനെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിക്ക് തന്നെ ഇതുവരെ തീര്‍ച്ചയില്ല. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കുകയാണെങ്കില്‍ ജോര്‍ജിനെ സമാധാനിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി മുഖ്യമന്ത്രിക്ക് വന്നു ചേരും. അപ്പോള്‍ കെ.എം.മാണി പിണങ്ങാതെ നോക്കുകയും വേണം. അതിനുള്ള വഴികള്‍ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗണേഷ്കുമാര് മന്ത്രി ഇബ്രാഹിം കുഞ്ഞിന്നെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ചു ലോകായുക്തയുടെ മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതെങ്ങിനെ നേരിടുമെന്നുള്ള ആലോചനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ തന്നെയാണ് മൂന്നു മന്ത്രിമാര്‍ കൂടി ബാര്‍ കോഴയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാട്ടിയുള്ള ബിജു രമേശിന്റെ രഹസ്യമൊഴി. അതും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന് മുന്പില് നേരിട്ട് ഹാജരായുള്ള മൊഴി നല്കല് . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരകയറാനാകാത്ത വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുന്നു. 10 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് വയനാട് സി.വി.ജി. റോഡ് നിര്‍മാണത്തിന്റെ ചിത്രങ്ങളാണ് ഗണേഷ് കുമാര്‍ ലോകായുക്തയില്‍ ഹാജരാക്കിയത് . ഒപ്പം മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെയും, പെഴ്സണല്‍ സ്റാഫിന്റെയും ആദായനികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ലോകായുക്തയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മരാമത്തുവകുപ്പിലെ കരാര്‍ ഇടപാടുകള്‍, പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വഴി സര്‍ക്കാരിനുണ്ടായ സാമ്പത്തികനഷ്ടം എന്നിവ സംബന്ധിച്ച രേഖകളാണു ഗണേഷ് ഹാജരാക്കിയത്. 1983-84 കാലഘട്ടത്തില്‍ ഇബ്രാഹിംകുഞ്ഞ് എറണാകുളത്തു പുറംകരാറുകാരന്റെ മസ്ദൂര്‍ ജീവനക്കാരനായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഗണേഷിന്റെ മൊഴിയുടെ തുടക്കം. കടങ്ങല്ലൂര്‍ പഞ്ചായത്തിലെ കോണിക്കോ ബിനാനി സിങ്ക് ലിമിറ്റഡില്‍ പുറംപണി ചെയ്തിട്ടുണ്ട്. 1991-ല്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ചെയര്‍മാനായി. ഇക്കാലത്ത് 1000 രൂപയായിരുന്നു ശമ്പളം. പൊതുപ്രവര്‍ത്തനമല്ലാതെ മറ്റ് ഇടപാടുകളില്ലെന്നു വ്യക്തമാക്കുന്ന മന്ത്രിക്കു പിന്നെങ്ങനെ കോടികളുടെ ആസ്തി കൈവന്നു? ഗണേഷ് കുമാറിന്റെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യമാണ്. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ആര്.പി. റഹീം, നാസിമുദ്ദീന്, സി.എം. അബ്ദുല്‍ റാഫി എന്നിവരുടെ ആദായനികുതിവിവരങ്ങളും പരിശോധിക്കണം. ഗണേഷ്കുമാര് ആവശ്യപ്പെടുന്നു. ആരോപണങ്ങള്‍ ഏപ്രില്‍ 16-നു മുമ്പ് സത്യവാങ്മൂലമായി ലോകായുക്തയ്ക്ക് നല്‍കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ അഴിമതിക്കാരായ മറ്റു മന്ത്രിമാരുടെ പേരുകളും ഉടന്‍ വെളിപ്പെടുത്തുമെന്നും ഗണേഷ് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പൊടിപടലം അടങ്ങും മുന്‍പ് തന്നെയാണ് ബിജു രമേശ് ഇതേ ദിവസം തന്നെ മജിസ്ട്രേട്ടിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയത്. മന്ത്രിമാരായ ശിവകുമാര്‍, രമേശ് ചെന്നിത്തല, കെ.ബാബു എന്നിവര്‍ക്കെതിരെയാണ് ബിജുവിനെ രഹസ്യമൊഴി എന്നറിയുന്നു. അതില്‍ കെ.ബാബുവിന്റെ പേര് ബിജു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ബാര്ക്കൊഴയും കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. മന്ത്രി മാണിയല്ലാതെ വേറെ മന്ത്രിമാരും കേസില്‍ അകപ്പെടുകയാണ്. 17 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവിധ ചര്‍ച്ചകളുടെ ശബ്ദരേഖയും ഇതുവരെ വെളിപ്പെടുത്താത്ത വിഷയങ്ങളും ഉള്‍പ്പെട്ട ഫോണ്‍, ചിത്രങ്ങളടക്കമുള്ള ഡിവിഡി എന്നിവയാണ് ബിജു രമേശ് കോടതിക്കു കൈമാറിയിട്ടുള്ളത്. വ്യാഴാഴ്ച്ച തിരിച്ചെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി ഏതൊക്കെ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുക. പക്ഷെ ഒരു വര്‍ഷം ബാക്കി നില്‍ക്കെ പരിക്ഷീണമായ അവസ്ഥകളെ നേരിടുകയാണ്. (മനോജ്)