കുടം ഉടഞ്ഞു; താമര വിരിഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ ഭരണം പിടിക്കാന്‍ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്ന് മത്സരിച്ച വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസിന് സമ്പൂര്‍ണ തോല്‍വി. തൊടുപുഴയില്‍ എസ്. പ്രവീണ്‍ രണ്ടാമത് എത്തിയത് ഒഴിച്ചാല്‍ ഒരു മണ്ഡലത്തില്‍ പോലും നിര്‍ണായക ശക്തിയാകാന്‍ ബി.ഡി.ജെ.എസിന് കഴിഞ്ഞില്ല. ഈഴവ വോട്ടുകള്‍ നിര്‍ണാകയമായ ഉടുമ്പന്‍ചോല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ എല്‍.ഡി.എഫിന് ഭീഷണിയാകുമെന്ന പ്രവചനവും ഫലം കണ്ടില്ല. ഇവിടങ്ങളില്‍ മാത്രമല്ല ഇടതു കോട്ടകളില്‍ എല്ലാം നല്ല വിജയമാണ് എല്‍.ഡി.എഫ് നേടിയത്. മലമ്പുഴയില്‍ വി.എസ് അച്യൂതാനന്ദനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ വെള്ളാപ്പള്ളി നടേശന് വി.എസ് ഭൂരിപക്ഷം കൂട്ടുന്നതാണ് കണേണ്ടിവന്നത്. വി.എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി.
അതേസമയം, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞു. നേമത്ത് 8500 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജഗോപാല്‍ വിജയിച്ചുവെന്ന് മാത്രമല്ല വട്ടിയൂര്‍ക്കാവില്‍ കുമ്മനം രണ്ടാമതെത്തി. മഞ്ചേശ്വരത്തും കാസര്‍ഗോഡും ബി.ജെ.പി രണ്ടാമത്തെത്തി. ഈ മണ്ഡലങ്ങളില്‍ നേരത്തെ മുതല്‍ ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ അവസാന നിമിഷം പൊരുതി നിന്നശേഷമാണ് തോല്‍വിയറഞ്ഞത്.
എന്നാല്‍ സി.കെ ജാനുവിന്റെ പാര്‍ട്ടിക്കോ, പി.സി തോമസിന്റെ കേരള കോണ്‍ഗ്രസിനോ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

Add a Comment

Your email address will not be published. Required fields are marked *