കുഞ്ഞന്നം മുത്തശി യാത്രയായി
തൃശൂര്‍ ; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ തൃശൂര്‍ കേച്ചേരി സ്വദേശി കുഞ്ഞന്നം (112)നിര്യാതയായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെയാണു മരിച്ചത്. കാര്യമായ വിഷമതകളില്ലാതെ സാധാരണ ജീവിതം നയിച്ചു വരികയായിരുന്നു.
പാറന്നൂര്‍ വാഴപ്പിള്ളി അന്തോണിയുടെയും അച്ചുണ്ണിയുടെയും11ാമത്തെ മകളായ റോസയെന്ന കുഞ്ഞന്നം1903 മേയ് 12നാണ് ജനിച്ചത്. മാമോദീസാ രേഖകളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്റെ പള്ളിയിലായിരുന്നു കുഞ്ഞന്നത്തിന്റെ മാമോദീസ. ഈ തെളിവാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് കുഞ്ഞന്നത്തെ നയിച്ചത്. സഹോദരന് പരേതനായ വാഴപ്പിള്ളി കൊച്ചാപ്പുവിന്റെ മകന് ജോസിനോടൊപ്പമായിരുന്നു അവിവാഹിതയായ കുഞ്ഞന്നത്തിന്റെ താമസം.