കീഴടങ്ങലല്ല
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി.ജോർജിനെ നീക്കിയത് മാണിക്ക് മുമ്പിലുള്ള കീഴടങ്ങലല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജോർജിന്റെ കാര്യത്തിൽ മുന്നണിയുടെ പൊതുതത്വം പാലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാര്‍ട്ടിയില്‍ ആര് തുടരണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. വിവാദങ്ങളുടെ പുറകേ പോകാനില്ല. ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണാതെ വീഴ്ച മാത്രമാണ് നിലവില്‍ ആഘോഷിക്കപ്പെടുന്നത്. യു.ഡി.എഫ് ചെയർമാനായ തനിക്ക് മുന്നണിയെ നല്ല നിലയിൽ കൊണ്ടു പോവേണ്ട ഉത്തരവാദിത്തമുണ്ട്.മുന്നണിയെ നല്ല നിലയില്‍ കൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണ്. ഇക്കാര്യം നന്നായി അറിയാവുന്ന ആളാണ് ജോര്‍ജ്. വിവാദങ്ങള്‍ ആഘോഷിച്ചിട്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്തുസംഭവിച്ചു എന്ന് പരിശോധിക്കണം. മാണി കത്ത് നല്‍കിയിട്ടും ചര്‍ച്ച ചെയ്തതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മുന്നണിയാവുമ്പോള്‍ പല പാർട്ടികളുണ്ടാവും. അപ്പോൾ അതാത് പാർട്ടികളാണ് ആരൊക്കെ സ്ഥാനങ്ങളിൽ തുടരണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത്. ജോർജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി കത്തു നൽകിയ ശേഷം നിരവധി തവണ ചർച്ച നടത്തി. ജോർജിനെ തനിക്ക് ഭയമില്ല. മാണിക്കെതിരായി ജോർജ് തന്ന കത്ത് വായിച്ച താൻ ഞെട്ടിപ്പോയി. ഇതുവരെ തന്നോട് പറയാത്ത കാര്യങ്ങളാണ് കത്തിലുള്ളത്. കത്ത് കിട്ടിയപ്പോൾ തന്നെ ജോർജിനെ വിളിച്ച് എന്തൊക്കെയാ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മാണി ചർച്ചയ്ക്ക് തയ്യാറല്ലെന്ന ജോർജിന്റെ ആരോപണം ശരിയല്ല. ഒത്തുതീർപ്പിന് തയ്യാറാവത്തതിന് മാണിയെ കുറ്റപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തോട് പലതവണ ചർച്ച നടത്തിയതാണ്. പിന്നീട് ചർച്ചയ്ക്ക് വിളിച്ചപ്പോൾ പാർട്ടിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് മാണി ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സരിത എസ്.നായരുടെ കത്തിന്റെ വിശ്വാസ്യതയെ കുറിച്ച് എല്ലാവർക്കും അറിയാം. കത്ത് ഇപ്പോൾ എങ്ങനെ പുറത്തുവന്നു എന്നത് ആലോചിക്കേണ്ടതുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. (മനോജ്)