കശ്‌മീരില്‍ പൊലീസ്‌ സ്‌റ്റേഷനു നേരെ ഭീകരാക്രമണം: 6 മരണം

ശ്രീനഗര്‍:  ജമ്മു കശ്‌മീരില്‍ പൊലീസ്‌ സ്‌റ്റേഷനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്‌ സുരക്ഷാ ഉദ്യോഗസ്‌ഥരും ഒരു ഗ്രാമീണനുമുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. കത്തുവ ജില്ലയിലെ രാജ്‌ബാഗ്‌ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ പുലര്‍ച്ചെ ആക്രമണമുണ്ടായത്‌. ആറുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സുരക്ഷാസൈന്യം വധിച്ചു. ലഷ്‌കറെ തയ്‌ബ ഭീകരരാണ്‌ ആക്രമണത്തിനു പിന്നിലെന്നു സൂചന.

 

രാവിലെ ആറുമണിയോടെയാണ്‌ പാക്ക്‌ അതിര്‍ത്തിയില്‍ നിന്ന്‌ പത്തു കിലോമീറ്റര്‍ മാത്രം അകലെയുള്ള രാജ്‌ബാഗിലെ പൊലീസ്‌ സ്‌റ്റേഷനു നേരെ യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി ആക്രമണം നടത്തിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയവരാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ സൂചന. സ്‌റ്റേഷനിലുണ്ടായ പൊലീസ്‌ ഉദ്യോഗസ്‌ഥരെ ബന്ദിയാക്കിയതോടെ ഏറ്റുമുട്ടല്‍ ആറു മണിക്കൂറോളം നീണ്ടു.

ഏറ്റുമുട്ടലില്‍ രണ്ട്‌ സിആര്‍പിഎഫ്‌ ഉദ്യോഗസ്‌ഥരും ഒരു പൊലീസുകാരനും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു. പത്തുപേര്‍ക്കു പരുക്കേറ്റു. അതിര്‍ത്തി വഴി കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ തിരച്ചില്‍ ശക്‌തമാക്കി. സംസ്‌ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Add a Comment

Your email address will not be published. Required fields are marked *