കശ്മീരില്‍ സര്‍വകക്ഷി സംഘത്തോട് മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍

ശ്രീനഗര്‍: കശ്മീരില്‍ എത്തിയ സര്‍വകക്ഷി സംഘത്തെ കാണാന്‍ വിഘടനവാദി നേതാക്കള്‍ തയ്യാറായില്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ ഹുറിയത് നേതാവ് സയ്യിദ് അലി ഷാ ഗിലാനി തയ്യാറായില്ല. യെച്ചൂരി, ഗിലാനിയുടെ വീട്ടിലെത്തിയെങ്കിലം അദ്ദേഹം വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ശ്രീനഗറിലെ ഹൈദര്‍പോറയിലെ വസതിയില്‍ വീട്ടുതടങ്കലിലാണ് ഗിലാനി.

യെച്ചൂരിക്ക് പുറമെ ആര്‍.ജെ.ഡി നേതാവ് ജയപ്രകാശ് നാരായണന്‍ യാദവ്, ജെ.ഡി.യു നേതാവ് ശരത് യാദവ്, സി.പി.ഐ നേതാവ് ഡി. രാജ എന്നിവരാണ് ഗിലാനിയുടെ വീട്ടില്‍ എത്തിയത്. താഴ്‌വരയിലെ പ്രമുഖ മതപണ്ഡിതന്‍ കൂടിയായ മിര്‍വൈസും സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ചു. എ.ഐ.എം.ഐ.എം നേതാവ് അസാദുദീന്‍ ഒവൈസിയാണ് മിര്‍വൈസുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്.
അതേസമയം മറ്റൊരു വിഘടനവാദി നേതാവായ യാസിന്‍ മാലിക്ക് സര്‍വകക്ഷി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി. സീതാറാം യെച്ചൂരിയും ഡി. രാജയുമാണ് യാസിന്‍ മാലിക്കുമായി കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള 28 അംഗ സര്‍വകക്ഷി സംഘമാണ് കശ്മീരില്‍ എത്തിയിരിക്കുന്നത്. സംഘം രണ്ട് ദിവസം കശ്മീരിലുണ്ടാകും. ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സമാധാന ദൗത്യവുമായാണ് സര്‍വകക്ഷി സംഘം കശ്മീരില്‍ എത്തിയത്.

Add a Comment

Your email address will not be published. Required fields are marked *