കള്ളവോട്ടില്‍ കുടുങ്ങി പിണറായി
കണ്ണൂര്‍: സി.പി.എം പി.ബി അംഗം പിണറായി വിജയന് സ്ഥാനര്‍ഥിയായ കണ്ണൂരിലെ ധര്‍മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടു.
139 ബൂത്തുകളില്‍ 54 ബൂത്തുകളില്‍ കള്ളവോട്ട് നടന്നു. പെരളശേരി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലാണു വ്യാപകമായി കള്ളവോട്ട് നടന്നത്. കാഴ്ച ശക്തിയില്ലെന്ന് പറഞ്ഞ് 5000 ഓപ്പണ്‍ വോട്ട് ചെയ്തു (ജില്ലയില്‍ ആകെ 6000 പേര്‍ക്കാണ് കാഴ്ചശക്തിയില്ലാത്തത്).
പര്‍ദ ധരിച്ചെത്തി പുരുഷന്മാരും കള്ളവോട്ട് ചെയ്തു എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഡിയോ റെക്കോര്ഡിങ്ങിലുണ്ടെന്നും മണ്ഡലത്തില്‍ റീ പോളിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
അതേസമയം, ധര്‍മടത്ത് കള്ളവോട്ട് നടന്നെന്ന പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കലക്ടര്‍. ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്കി.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് സ്ഥാനാര്‍ഥിയായ ധര്‍മടം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഏര്‍പ്പെടുത്തിയ വിഡിയോ റെക്കോര്‍ഡിങ് ദൃശ്യങ്ങള്‍ പരാതിയുണ്ടായതിനെ തുടര്‍ന്നു പരിശോധിച്ചപ്പോഴാണു കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്കി. എന്നാല്‍, ആരോപണം സിപിഎം നിഷേധിച്ചു.
ഒരാള്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ വോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് യുഡിഎഫ് പരാതി നല്‍കിയത്. ധര്‍മടത്തെ അഞ്ചു ബൂത്തുകളില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് ശേഷം വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. 21 പേര് വോട്ടുചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവ ദിവസം തന്നെ പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ തന്നെ തെളിവായി നല്‍കുകയായിരുന്നു.
5,000ല്‍ അധികം കള്ളവോട്ട് നടന്നെന്നാണ് മമ്പറം ദിവാകരന്റെ ആരോപണം. പിണറായി പഞ്ചായത്തില്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ആധികാരിക തെളിവുകള്‍ നല്‍കിയാണ് പരാതി നല്‍കിയത്. പിണറായി വോട്ടു ചെയ്ത ആര്.സി. അമല സ്കൂളിലെ 135, 136, 137 തുടങ്ങിയ ബൂത്തുകളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പാറപ്പുറത്ത് ജൂനിയര്‍ ബേസികിലെ 138, 139, ബൂത്തുകള്‍ പിണറായി എകെജി സ്കൂളിലെ 129, 130, 131 ബൂത്തുകള്‍ പിണറായിലെ 127, 128, 129, 122, 124, 125, 126 തുടങ്ങിയ ബൂത്തുകളില്‍ സിപിഎം 5,000ല്‍ അധികം കള്ളവോട്ടുകള്‍ ചെയ്തുവെന്നും മമ്പറം ദിവാകരന് ആരോപിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പ്രതികരിച്ചു. പരാജയഭീതിയിലാണ് കോണ്‍ഗ്രസ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.