കര്‍ണ്ണനെപ്പോലെ താന്‍ അപമാനിതനാകുന്നു

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ഒരു തള്ളിന്നിടെ താന്‍ ജമീലാപ്രകാശത്തിന്റെ അടുത്തെത്തുകയായിരുന്നുവെന്നും അപ്പോഴാണ്‌ ജമീലാ പ്രകാശം തന്നെ കടിച്ചതെന്നും ശിവദാസന്‍ നായര്‍ എംഎല്‍എ. താന്‍ ജമീലാ പ്രകാശത്തെ ആക്രമിച്ചു എന്ന ആരോപണം ഹീനമായതാണ്. ജമീലയെ താന്‍ ഉപദ്രവിച്ചില്ല. ജീവിതകാലം മുഴുവന്‍ ദുഃഖമനുഭവിച്ച കര്‍ണ്ണനെ പോലെയാണ് അപമാനിതനായ താനെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.ദൃശ്യങ്ങളുടെ സഹായത്തോടെ തന്നെയായിരുന്നു ശിവദാസന്‍ നായരുടെയും വിവരണം. ദൃശ്യങ്ങളുടെ സഹായത്തോടെ ലൈംഗികപീഡനം നടന്നെന്നു ജമീലാ പ്രകാശം വിവരിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കാന്‍ ശിവദാസന്‍ നായരും പിന്തുടര്‍ന്നത്‌ അതേ വഴി തന്നെ. ജമീലയുടെ സമീപം വിഎസ് ഉണ്ടായിരുന്നെങ്കില്‍ ശിവദാസന്‍ നായര്‍ക്കു ഒപ്പമുണ്ടായത് എം.എം.ഹസ്സന്‍ എന്ന വ്യത്യാസം മാത്രം. രണ്ടുപേരും ആയുധമാക്കിയത് ഒരേ ദ്രിശ്യങ്ങളും. എല്ലാവര്‍ക്കും അവനവന്റെ സഹോദരനേയും പിതാവിനേയും സുഹൃത്തുക്കളേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണമെന്നാണ് തന്റെ പക്ഷമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. ജമീല പ്രകാശം മുഖ്യമന്ത്രിയുടെ മടിയിലേക്ക് കറുത്ത തുണി എറിഞ്ഞതോടെയാണ് പ്രകോപനമുണ്ടായത്. ഡൊമിനിക് പ്രസന്റേഷന്‍ അവരെ ആക്രമിച്ചിട്ടില്ല. അവരാണ് ഡൊമിനിക്കിനെ ഇടിച്ചത്. ജമീല പ്രകാശം ധനമന്ത്രിക്കു നേരെ പത്രങ്ങള്‍ എറിഞ്ഞു. അവര്‍ ഒന്നും ചെയ്തില്ല എന്നു പറയുന്നത് കള്ളമാണ്. അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. മുഴുവന്‍ കടിയും കൊണ്ട ശേഷവും താന്‍ ഒരക്ഷരവും മിണ്ടിയില്ല, തന്റെ ഭാഗത്തുനിന്നും ഒരു ആക്ഷനും ഉണ്ടായില്ല. ഇതില്‍ കൂടുതല്‍ സംയമനം പാലിക്കാന്‍ പറ്റില്ല. ജമീലാ പ്രകാശത്തെ സഹോദരിയെന്നും സുഹൃത്തെന്നുമുള്ള നിലയില്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മടിയിലേക്ക് ജമീലാ പ്രകാശം കറുത്ത തുണി വലിച്ചെറിയുന്ന ദൃശ്യവും ബിജിമോള്‍ ഡോമിനിക് പ്രസന്റേഷനെ ഇടിച്ച് പുറകോട്ട് തള്ളുന്ന ദൃശ്യവും ശിവദാസന്‍ നായര്‍ പ്രദര്‍ശിപ്പിച്ചു. നിയമസഭയിലെ ആക്രമണത്തിനു പിന്നാലെ ഭാര്യമാത്രമുള്ളപ്പോള്‍ വീടാക്രമിച്ചു. ഭാര്യക്ക് പരിക്കേറ്റു. റാന്നിയില്‍ 95 വയസ്സുള്ള ഭാര്യാമാതാവുമാത്രമുള്ള വീട്ടില്‍ ഭാര്യാമാതാവിനെ ഭീഷണിപ്പെടുത്തി. ശിവദാസന്‍ നായര്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ വനിതാ അംഗങ്ങളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി എം.എം.ഹസ്സന്‍ ആരോപിച്ചു . (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *