കയര്‍ കേരള ഫെബ്രുവരി ഒന്നു മുതല്‍, ഒരുക്കങ്ങള്‍ പൂര്ത്തി യാകുന്നു

ആലപ്പുഴ: ഫെബ്രുവരി ഒന്നിനാരംഭിക്കുന്ന കയര്‍മേഖലയിലെ ഏറ്റവും വലിയ വാണിജ്യ,വ്യാപാര, പ്രദര്‍ശന മേളയായ കയര്‍കേരള അഞ്ചാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍  പൂര്‍ത്തിയാകുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് 4ന്  മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യുമെന്ന് റവന്യു, കയര്‍ വകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.

 

53 രാജ്യങ്ങളില്‍ നിന്ന് 170 വിദേശ വ്യാപാരികളാണ് കയര്‍ ഉല്‍പ്പന്നങ്ങള്‍ തേടി മേളയിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സൗത്ത് ആഫ്രിക്ക, കെനിയ, നൈജീരിയ,ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം പ്രതിനിധികള്‍ മേളയിലെത്തുന്നത്. കേരള കയറിന്റെ പരമ്പരാഗത വിപണികളായ അമേരിക്ക, റഷ്യ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാപാര പ്രതിനിധികള്‍ ആലപ്പുഴയിലെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 വ്യാപാരികളും പുതിയ ഉല്‍പ്പന്നങ്ങളും സാധ്യതകളും തേടി മേളയിലെത്തുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിനു കയര്‍ തൊഴിലാളികളുടെ സാന്നിധ്യവും മേളയിലുണ്ടാകും

. കയറിന്റെയും പ്രകൃതിദത്ത നാരുകളുടേയും ലോകത്തിലെ ഏറ്റവും വലിയ വ്യാപാര മേളയെന്നതിലുപരി മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടുള്ള  പങ്കാളികളുടെ കൂട്ടായ്മ കൂടിയാണ് കയര്‍കേരള. കയര്‍മേഖലയില്‍ തൊഴിലവസരങ്ങള്‍ക്കുതകുന്ന പുതിയ പദ്ധതികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്ന മേള തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും ഉല്‍പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളും  പരിശോധിക്കും. ശാസ്ത്രജ്ഞരേയും ഗവേഷകരേയും നയകര്‍ത്താക്കളേയുംപരിപാടിയില്‍ ഒരുമിച്ചു ചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.

 

ഫെബ്രുവരി അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.  പ്രതിനിധികള്‍ക്കു മാത്രമായുള്ള വ്യാപാര പ്രദര്‍ശനത്തിനായി ഒരുക്കുന്ന രാജ്യാന്തര പവലിയനില്‍ 100 സ്റ്റാളുകളും ദേശീയ പവലിയനില്‍ 150 സ്റ്റാളുകളും ഉണ്ടാകും. പൊതുപ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള 50 പ്രദര്‍ശകര്‍ ഉള്‍പ്പെടെ 275 പ്രദര്‍ശകരായിരിക്കും ഉണ്ടാകുക.

ആഗോളതലത്തില്‍ വിപണിസാധ്യതകള്‍ കണ്ടെത്തുന്നതിന് ഉല്‍പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കും അവസരമൊരുക്കുന്ന മേളയില്‍ നൂതന കയറുല്‍പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും മികച്ച ശേഖരവും പ്രരദര്‍ശിപ്പിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ഒന്നേമുക്കാല്‍ കോടിരൂപയടക്കം നാലുകോടിയില്‍പ്പരം രൂപയാണ് മേളക്കു ചെലവു പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ രണ്ടര ലക്ഷത്തോളം തൊഴിലാളികളുള്ള കയര്‍മേഖലയില്‍ 100 രൂപയായിരുന്ന പ്രതിദിനവേതനം കുറഞ്ഞ കാലയളവുകൊണ്ട് 300 രൂപയാക്കി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കയര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ മൂലധനവും മറ്റുസഹായങ്ങളും നല്‍കുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അസംസ്‌കൃതവസ്തുവായ ചകിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കയര്‍ കയറ്റുമതിയില്‍ ഉണ്ടാകുന്ന വാര്‍ഷിക വര്‍ധനവിന്റെ നല്ലൊരു പങ്ക് കയര്‍ കേരളയിലൂടെയാണ് സാധ്യമാകുന്നത്. 2011-12 വര്‍ഷത്തില്‍ 1052 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനമെങ്കില്‍ 2012-13ല്‍ അത് 1116 കോടി രൂപയായും 2013-14 വര്‍ഷത്തില്‍ 1476 കോടി രൂപയായും ഉയര്‍ന്നു. 2016-17 വര്‍ഷത്തില്‍ ഇത് 2500 കോടി രൂപയിലേക്കു വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയര്‍മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ദേശീയ കയര്‍ ഗവേഷണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍സിആര്‍എംഐ) രൂപകല്‍പനചെയ്ത യന്ത്രസാമഗ്രികളുടെയും പുതിയ കയര്‍ ഉല്‍പന്നങ്ങളുടെയും പരിചയപ്പെടുത്തലിനും പരിപാടി വേദിയാകും. കയര്‍ കേരള 2015ന്റെ ഏകോപനം നിര്‍വ്വഹിക്കുന്നതും ഇന്‍സ്റ്റിറ്റിയൂട്ട് ആണ്.

 

ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ നടക്കുന്ന രാജ്യാന്തര സെമിനാറുകളിലും ഫെബ്രുവരി നാലിലെ ദേശീയ സെമിനാറിലും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പരിപാടിയിലെ പ്രധാന ഇനമായ നേരിട്ടുള്ള ആശയവിനിമയത്തിനു വേദിയൊരുക്കുന്ന ബയര്‍- സെല്ലര്‍ സംഗമം ഫെബ്രുവരി മൂന്നിനു നടക്കും. ഇതിലൂടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 200 കോടിരൂപയുടെ കയറ്റുമതി ഓര്‍ഡറുകളാണ് പ്രതീക്ഷ.

സമാപനദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ കയര്‍ മേഖലയിലെ പ്രശ്‌നങ്ങളും ആശങ്കകളും മനസ്സിലാക്കാനും പരിഹാര മാര്‍ഗങ്ങള്‍ ആരായാനും കയര്‍ മന്ത്രി  തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തും. തൊഴിലാളികള്‍ക്കായി വിവിധ സാംസ്‌കാരിക പരിപാടികളും മല്‍സരങ്ങളും കയര്‍ കേരളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ഉല്‍പാദന, കയറ്റുമതി മേഖലകളെ ഊര്‍ജ്ജസ്വലമാക്കി കയര്‍ മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് 2011ലാണ് കേരള സര്‍ക്കാര്‍ കയര്‍ കേരള പരിപാടിക്ക് തുടക്കമിട്ടത്. വിനോദസഞ്ചാരത്തിന്റെ സുപ്രധാന കാലയളവില്‍ നടക്കുന്ന പരിപാടിയെന്ന നിലയില്‍ കേരളത്തിന്റെ ടൂറിസം കലണ്ടറിലും ഈ പരിപാടിക്ക് സ്ഥാനം ലഭിച്ചുകഴിഞ്ഞു.

എന്‍സിആര്‍എംഐ ഡയറക്ടര്‍ ശ്രീ.കെ.ആര്‍.അനില്‍,സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്ര പ്രസാദ്,സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയര്‍മാന്‍ ശ്രീ. ഡി. സുഗതന്‍,കയര്‍ കോര്‍പ്പറേഷന്‍ എംഡി ജി.എന്‍.നായര്‍,സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എംഡി പി.വി ശശീന്ദ്രന്‍,കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ശ്രീ. എം. അബ്ദുല്‍ സലീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു..

Add a Comment

Your email address will not be published. Required fields are marked *