കയര്‍മേഖലയിലെ ചെറുകിട യൂണിറ്റുകള്‍ക്ക് വായ്പാലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: കയര്‍മേഖലയിലെ ചെറുകിട യൂണിറ്റുകള്‍ക്ക് വായ്പാലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി പറഞ്ഞു. കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ചകിരിനാരിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് കയര്‍ വകുപ്പില്‍ നിന്നു മുന്നോട്ടുവയ്ക്കുന്ന ഏതു പ്രായോഗികനിര്‍ദ്ദേശത്തേയും സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ പരമാവധി ആധുനികവല്‍ക്കരിച്ച് ലോകത്തിന്റെ ഏതു വിപണിയിലും മല്‍സരിക്കാന്‍ സജ്ജമാക്കും. തൊഴിലാളികളുടെ ന•യും ക്ഷേമവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍കേരളയില്‍ ഓരോ വര്‍ഷവും പങ്കാളിത്തവും അതുവഴിയുള്ള വ്യാപാരവും വര്‍ധിച്ചുവരുന്നത് ശുഭോദര്‍ക്കമാണ്. ഈ വര്‍ഷം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതല്‍ വിദേശ പ്രാതിനിധ്യമാണുള്ളതെന്ന കാര്യം ശ്രീ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ശ്രമഫലമായി ചകിരിനാരിന്റെ ലഭ്യത 40000 മെട്രിക് ടണ്ണായി ഉയര്‍ത്താന്‍ കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന കയര്‍- റവന്യു വകുപ്പുമന്ത്രി ശ്രീ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിവര്‍ഷം രണ്ടേകാല്‍ ലക്ഷം മെട്രിക് ടണ്‍ ചകിരിനാരാണ് കേരളത്തിലെ കയര്‍ വ്യവസായത്തിന് ആവശ്യമായിട്ടുള്ളത്. ഇതില്‍ 25,000 മെട്രിക് ടണ്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. കയര്‍ഫെഡിന്റെയും മറ്റും കൂടുതല്‍ സംഭരണ യൂണിറ്റുകള്‍ തുറന്നതോടെ ഇതില്‍ പുരോഗതി ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കയര്‍മേഖലയിലെ യന്ത്രവല്‍ക്കരണത്തിന് സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കയര്‍ യന്ത്ര ഫാക്ടറിയില്‍ ആവശ്യത്തിന് തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്. തൊഴിലാളികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് 5717 ഇലക്ട്രോണിക് റാട്ടുകള്‍ നിര്‍മിച്ച് കയര്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ വരുമാന പിന്തുണ പദ്ധതി സ്വകാര്യ മേഖലയില്‍ കൂടി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കയര്‍ വികസന വകുപ്പാണ് കയര്‍ കേരള 2015 സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ ഗവേഷണ കൈകാര്യ ഇന്‍സ്റ്റിറ്റിയൂട്ടിനാണ് (എന്‍സിആര്‍എംഐ)  മേളയുടെ ഏകോപനം. ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് കയര്‍പിരി യന്ത്രത്തിന്റെയും രാജ്യാന്തര പവലിയന്റെയും ഉദ്ഘാടനങ്ങള്‍ ചടങ്ങിനു മുമ്പ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനിംഗിന്റെ സഹകരണത്തോടെ എന്‍സിആര്‍എംഐ വികസിപ്പിച്ചെടുത്ത കയര്‍കൊണ്ട് നിര്‍മിച്ച തീപിടിക്കാത്ത ജൈവ സൗണ്ട് പാനലായ ‘അക്കൊയര്‍’ ചടങ്ങില്‍ മുഖ്യമന്ത്രി പുറത്തിറക്കി.
ശ്രീ.കെ.സി.വേണുഗോപാല്‍ എം.പി, എംഎല്‍എമാരായ ശ്രീ ജി.സുധാകരന്‍, ശ്രീ പി.സി.വിഷ്ണുനാഥ്, ജില്ലാ കളക്ടര്‍ ശ്രീ എസ്.ഹരികിഷോര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീമതി മേഴ്‌സി ഡയാന മാസിഡോ, മുന്‍ എംഎല്‍എമാരായ ശ്രീ എ.എ.ഷുക്കൂര്‍, ശ്രീ ഡി.സുഗതന്‍, കയര്‍ ബോര്‍ഡ് സെക്രട്ടറി ശ്രീ കുമാരരാജ, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ എ.കെ.രാജന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ കെ.ആര്‍.രാജേന്ദ്രപ്രസാദ്, ഫോം മാറ്റിംഗ്‌സ് ചെയര്‍മാന്‍ ശ്രീ സി.വേണുഗോപാലന്‍ നായര്‍, കയര്‍ഫെഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ കെ.എം.രാജു, എന്‍സിആര്‍എംഐ ഡയറക്ടര്‍ ശ്രീ. കെ.ആര്‍.അനില്‍, എസിസിഡിഎസ് പ്രസിഡന്റ് ശ്രീ. കെ.ആര്‍.ഭഗീരഥന്‍, എഫ്‌ഐസിഇഎ ചെയര്‍മാന്‍ ശ്രീ ജോണ്‍ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.  കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ.മദനന്‍ സ്വാഗതവും കയര്‍ കേരള വര്‍ക്കിംഗ് ചെയര്‍മാനും കയര്‍ അപ്പെക്‌സ് ബോഡി വൈസ് ചെയര്‍മാനുമായ ശ്രീ എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി നന്ദിയും പറഞ്ഞു.
വര്‍ണാഭമായ ഘോഷയാത്രക്കുശേഷമാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്.  തുടര്‍ന്ന് ഹരിശ്രീ അശോകനും സംഘവും അവതരിപ്പിച്ച കോമഡി, സിനിമാറ്റിക്കല്‍ മ്യൂസിക്കല്‍ മെഗാഷോ അരങ്ങേറി. 53 രാജ്യങ്ങളില്‍ നിന്നുള്ള 170 ബയര്‍മാരും 300 ആഭ്യന്തര ബയര്‍മാരും കയര്‍ കേരളയില്‍ പങ്കെടുക്കുന്നുണ്ട്. നൂതനങ്ങളായ കയര്‍ ഉല്‍പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും പ്രദര്‍ശനവും വിപണനവും മേളയിലുണ്ട്. തിങ്കളാഴ്ച മുതല്‍ രാവിലെ പത്തുമണിമുതല്‍ രാത്രി ഒമ്പതു വരെ ദേശീയ പവലിയനില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനമുണ്ടാകും.

Add a Comment

Your email address will not be published. Required fields are marked *