കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കൊല്ലപ്പെട്ടത് സി.പി.എമ്മുകാര്‍ വകവരുത്തിയ ഉത്തമന്റെ മകന്‍ രമിത്തിനെ

കണ്ണൂര്‍: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പിണറായി സ്വദേശി രമിത് ആണ് മരിച്ചത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തു വച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രമിത്തിന്റെ അച്ഛന്‍ മട്ടന്നൂര്‍ ചാവശേരിയിലെ ഉത്തമന്‍ നേരത്തെ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു.
കൂത്തുപറമ്പില്‍ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടികൊലപ്പെടുത്തിയതിന് രണ്ടു ദിവസത്തിന് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറുന്നത്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പില്‍ മൂന്നു ദിവസത്തെ നിരോധനാജഞ തുടരുകയാണ്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് രമിത്തിന്റെ പിതാവ് ഉത്തമനെ അക്രമികള്‍ ബസില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊന്നിരുന്നു. കഴുത്തിലാണ് രമിത്തിന് ആഴത്തില്‍ വെട്ടേറ്റത്. സിപിഐ(എം) പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ് ട്രീയ കൊലപാതകങ്ങളും അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 400 മീറ്റര്‍ മാത്രം അകലെയാണ് ഈ കൊലപാതകം നടന്നത്.
അവിവാഹിതനാണ് കൊല്ലപ്പെട്ട രമിത്ത്. അമ്മ നാരായണി. സഹോദരി; രമിഷ. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സിപിഐ(എം) പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി കെ. മോഹനന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായ കൂത്തുപറമ്പ് മേഖലയില്‍ ബിജെപി നേതാക്കളും ഒ.രാജഗോപാല്‍ എംഎല്‍എയും സന്ദര്‍ശനം നടത്തുന്നതിനിടെയാണു രമിത്തിനു നേരെ ആക്രമണമുണ്ടായത്. മൂന്നു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ നടന്നത്.
പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ളുഷാപ്പു തൊഴിലാളിയുമായ മോഹനന്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച് വാനിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഐ(എം) ആരോപിച്ചിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറു മുതല്‍ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ. ആയുധങ്ങള്‍, കല്ലുകള്‍, നശീകരണ വസ്തുക്കള്‍, അക്രമത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടു പോകുന്നതും സൂക്ഷിക്കുന്നതും ശേഖരിക്കുന്നതും വിലക്കിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അറിയിച്ചു.
അതിനിടെ കണ്ണൂരില്‍ അക്രമങ്ങള്‍ വ്യാപിക്കുകയാണ്. ഇന്നലെ രാത്രി രണ്ട് ബിജെപി പ്രവര്‍ത്തകുടെ വീടുകള്‍ക്ക് നേരെ ബോംബെറുണ്ടായി. പാതിരിയാട് ലെനിന്‍ സെന്ററിന് സമീപം താമസിക്കുന്ന പവിത്രന്റെ വീടിന് നേരെയും അമൃത സ്‌കൂളിന് സമീപത്ത് താമസിക്കുന്ന രോഷിത് ബാബുവിന്റെ വീടിന് നേരെയുമാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിത്തെറിച്ച ചീളുകള്‍ തറിച്ച് പരിക്കേറ്റ പവിത്രന്റെ മകന്‍ സ്വാദി (17)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരിയാട്, പടുവിലായി, വളാങ്കിച്ചാല്‍ മേഖലയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *