ഓഫീസില്‍ ക്യാമറ വച്ചതുകൊണ്ട് സുതാര്യത ഉണ്ടാകില്ല: ജേക്കബ് തോമസ്

കൊച്ചി: ഓഫീസുകളില്‍ നിരീക്ഷണ ക്യാമറ വച്ചതുകൊണ്ട് സുതാര്യത ഉണ്ടാവില്ലെന്ന് പോലീസ് ഹൗസിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്യാമറ വച്ചതിനെ പരോക്ഷമായി പരിഹസിച്ചായിരുന്നു ജേക്കബ് തോമസിന്റെ പരാമര്‍ശം. അഴിമതിയും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കാര്യക്ഷമതയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥര്‍ 10 ശതമാനം മാത്രമാണ്. ജനപ്രതിനിധികള്‍ പറയുന്നത് അനുസരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ ബാധ്യതയില്ല.
ജനാധിപത്യത്തില്‍ ജനപ്രതിനിധികളാണ് വലുതെന്ന കാഴ്ചപ്പാടില്‍ മാറ്റം വരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളല്ലെന്നും അവര്‍ക്കും പൗരാവകാശം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നും ദീര്‍ഘകാലം മാറ്റി നിര്‍ത്താനാവില്ല. സര്‍വീസ് റൂള്‍ അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ മൂന്ന് മാസത്തില്‍ കൂടുതല്‍ സര്‍വീസില്‍നിന്നും മാറ്റി നിര്‍ത്താനാവില്ല. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെടുന്ന ഉദ്യോഗസ്ഥന്റെ സേവനം ലഭിക്കാതെ വരുന്നത് സര്‍ക്കാരിന് പ്രയോജനമില്ലെന്നും തെളിവുണ്ടെങ്കില്‍ മാത്രമേ ആരോപണ വിധേയര്‍ക്കെതിരെ നടപടി എടുക്കാന്‍ പാടുള്ളുവെന്നും ഐ.പി.എസ്., ഐ.എ.എസ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങള്‍ എങ്ങുമെത്തുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരായ രാഷ്ര്ടീയക്കാരെ മഹത്വവത്കരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ അഴിമതിക്കെതിരെ പ്രതികരിക്കണം. അഴിമതി വിരുദ്ധരായ ഉദ്യോഗസ്ഥകര്‍ക്ക് പിന്തുണ നല്‍കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി. ഗൗരീദാസന്‍ നായര്‍, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.എ. കരിം തുടങ്ങിയവര്‍ സംസാരിച്ചു.

Add a Comment

Your email address will not be published. Required fields are marked *