ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം നിര്‍ണായകം എന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍

ഇസ്ലാമാബാദ്  ; അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം നിര്‍ണായകം എന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ . ഇന്ത്യാ-യുഎസ്‌ ബന്ധത്തില്‍ ഒരു പുതിയ യുഗം പിറവി കൊള്ളുമ്പോള്‍ അത്‌ പാക്കിസ്‌ഥാനെ വിപരീതമായി ബാധിക്കുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തണമെന്നും വിവിധ ദിനപത്രങ്ങള്‍ പാക്ക്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. 
റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ ഒബാമ ഇന്ത്യയിലെത്തിയത്‌ നിര്‍ണായകമായ ചുവടുവയ്‌പാണെന്ന്‌ പാക്കിസ്‌ഥാനിലെ പ്രമുഖ പത്രമായ ദി ഡെയ്‌ലി ടൈംസാണ്‌ മുഖപ്രസംഗത്തിലെഴുതിയത്‌. ഇന്ത്യയ്‌ക്കും പാക്കിസ്‌ഥാനും യുഎസിനുമിടയില്‍ ഒരു ത്രികോണ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്‌. ഒരു രാജ്യത്തെ പിണക്കി രണ്ടാമത്തെ രാജ്യവുമായി ബന്ധം സ്‌ഥാപിക്കുക എന്നതിനേക്കാള്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നത്‌ യുഎസിന്റെ നയമാണ്‌. 

സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ത്തന്നെ ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ ഉയര്‍ന്ന സാധ്യതകള്‍ യുഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും പത്രം കുറിച്ചു. പ്രദേശത്ത്‌ വര്‍ധിച്ചു വരുന്ന ചൈനീസ്‌ വെല്ലുവിളി നേരിടുന്നതിന്‌ ഇന്ത്യയുമായുള്ള ബന്ധം യുഎസ്‌ നിര്‍ണായകമായാണ്‌ കാണുന്നതെന്നും മുഖപ്രസംഗത്തിലുണ്ട്‌. 

ഭീകരവാദവുമായി ബന്ധപ്പെട്ട്‌ പാക്കിസ്‌ഥാന്‍ സ്വീകരിച്ച മുന്‍നിലപാടുകളാണ്‌ യുഎസുമായുള്ള ബന്ധത്തില്‍ വിശ്വാസ്യതയ്‌ക്ക്‌ കോട്ടം വരുത്തിയതെന്നും പത്രം അഭിപ്രായപ്പെടുന്നു.
ഒബാമയുടെ സന്ദര്‍ശനം പ്രാഥമികമായി സാമ്പത്തിക തലത്തിലുള്ളതാണെന്ന്‌ മറ്റൊരു പാക്കിസ്‌ഥാനി ദിനപത്രമായ ദി ന്യൂസ്‌ എഴുതി. പ്രദേശത്തെ പ്രധാന ശക്‌തിയാകാനായി ചൈനയുമായി സംഘട്ടനത്തിലാണ്‌ ഇന്ത്യയെന്നു പറയുന്ന ഈ പത്രം ഇന്ത്യയ്‌ക്ക്‌ യുഎസ്‌ നല്‍കുന്ന സഹായങ്ങള്‍ ചൈനയ്‌ക്ക്‌ സ്വീകാര്യമാകില്ലെന്നും വ്യക്‌തമാക്കുന്നു. ഇത്തരം സന്ദര്‍ശനങ്ങളില്‍ കാണികള്‍ക്കുവേണ്ടിയുള്ള കളികള്‍ നടക്കാന്‍ സാധ്യത കൂടുതലാണെന്നാണ്‌ മറ്റൊരു ദിനപത്രമായ ഡോണിന്റെ മുഖപ്രസംഗം പറയുന്നത്‌. അര്‍ത്ഥ ശൂന്യമായ മത്സരത്തില്‍ നിന്നും ഇന്ത്യയും പാക്കിസ്‌ഥാനും പിന്മാറേണ്ട കാലമായെന്നും പത്രം വ്യക്‌തമാക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *