ഒഡീഡയില് വീണ്ടും മൃതദേഹം ചുമക്കല്‍: ട്രെയിന്‍തട്ടി മരിച്ച വൃദ്ധയുടെ മൃതദേഹം ചാക്കില്‍കെട്ടി മുളവടിയില്‍ തൂക്കി ചുമന്നു
ട്രെയിനിടിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് എത്താതിരുന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ചാക്കില്‍കെട്ടി മുളവടിയില്‍ തൂക്കി ചുമക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. മൃതദേഹത്തിന്റെ എല്ലുകള്‍ ഒടിച്ചശേഷമാണ് ചാക്കില്കെട്ടിയത്.
ബാലസോര്‍: ഒഡീഷയില്‍ ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും ചുമന്ന് ആദിവാസി യുവാവ് 10 കിലോമീറ്റര്‍ നടന്ന വാര്‍ത്തയ്ക്കു പിന്നാലെ സമാനമായ സംഭവം വീണ്ടും. ട്രെയിനിടിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് എത്താതിരുന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ചാക്കില്‍കെട്ടി മുളവടിയില്‍ തൂക്കി ചുമക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. മൃതദേഹത്തിന്റെ എല്ലുകള്‍ ഒടിച്ചശേഷമാണ് ചാക്കില്കെട്ടിയത്.
ബുധനാഴ്ചയാണ് ബാലസോറിലെ സോറോയില് 76കാരിയായ സലാമണി ബാരിക് ട്രെയിന്‍ തട്ടി മരിച്ചത്. സോറോയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി 30 കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് കാത്ത് മണിക്കൂറുകളോളം കിടത്തി. ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് ചാക്കില്‍കെട്ടി ചുമന്ന് ട്രെയിനില്‍ എത്തിക്കുകയായിരുന്നു.
മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നത് ഏറെ ചെലവുണ്ടാക്കുന്നതിനാല് ട്രെയിനില്‍ കൊണ്ടുപോകാന്‍ റെയില്‍വേ പോലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനകം മണിക്കൂറുകള്‍ പിന്നിട്ടതോടെ മൃതദേഹം തണുത്ത് മരവിച്ചു. ചാക്കില്കെട്ടാന് കഴിയാതെ വന്നതോടെ ആശുപത്രി ജീവനക്കാര്‍ എല്ലുകള്‍ ഒടിച്ച് ചാക്കില്‍ പൊതിഞ്ഞ്കെട്ടുകയായിരുന്നു. തുടര്‍ന്ന് മുളവെടിയില് കെട്ടിത്തൂക്കി രണ്ട് കിലോമീറ്ററോളം നടന്നാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
സം,ഭവത്തില്‍ ഒഡീഷ മനുഷ്യാവകാശ കമ്മീഷന് റെയില്‍വേയോടും ബാലസോര്‍ ജില്ലാ ഭരണകൂടത്തോടും വിശദീകരണം തേടിയിട്ടുണ്ട്. മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ച് സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ രണ്ട് പദ്ധതികള്‍ വഴി ആംബുലന്‍സും പണവും നല്‍കുമ്പോഴാണ് പിന്നാക്ക വിഭാഗങ്ങളെ അധികൃതര്‍ തിരിഞ്ഞുനോക്കാതിരിക്കുന്നത്