ഐ.പി.എല്‍ ചെയര്‍മാനായി രാജീവ്‌ ശുക്ലയെ നിയമിച്ചു

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ഗവേണിങ്ങ്‌ കൗണ്‍സില്‍ ചെയര്‍മാനായി വീണ്ടും രാജീവ്‌ ശുക്ലയെ നിയമിച്ചു. ഇന്ന്‌ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ രാജീവ്‌ ശുക്ലയെ വീണ്ടും ബി.സി.സി.ഐ നിയമിച്ചത്‌. ഐ.പി.എല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്‌ ഗാംഗുലി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നു. അജയ്‌ ഷിര്‍കെ, രഞ്‌ജിബ്‌ ബിസ്വാള്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു.സമവായ സ്‌ഥാനാര്‍ത്ഥിയായാണ്‌ ശുക്ലയെ വീണ്ടും നിയമിച്ചത്‌. 2013 വരെ ചെയര്‍മാന്‍ സ്‌ഥാനം വഹിച്ച കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശുക്ല ഐ.പി.എല്‍ കോഴ ആരോപണത്തെ തുടര്‍ന്ന്‌ രാജിവയ്‌ക്കുകയായിരുന്നു.ഐ.പി.എല്‍ ഗവേണിംഗ്‌ കൗണ്‍സിലില്‍ സൗരവ്‌ ഗാംഗുലിയെ പുതിയതായി ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീം ഡയറക്‌ടര്‍ രവി ശാസ്‌ത്രിയെയും ഗവേണിംഗ്‌ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. സന്ദീപ്‌ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയെയും അതേപടി നിലനിര്‍ത്തി. മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലയെ ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സ്‌ഥാനത്ത്‌ നിലനിര്‍ത്തി. കോണ്‍ഗ്രസ്‌ നേതാവും എം.പി.സി.എ അധ്യക്ഷനുമായ ജ്യോതിരാദിത്യ സിന്ദ്യയെ ഫിനാന്‍സ്‌ കമ്മറ്റിയുടെ തലവനായി നിയമിച്ചു.മാര്‍ക്കറ്റിംഗ്‌ കമ്മറ്റി തലവനായി ഗോവയില്‍ നിന്നുള്ള ചേതന്‍ ദേശായയിയെ നിയമിച്ചു. ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ട്രഷറര്‍ ബിശ്വരൂപ്‌ ദേയാണ്‌ മീഡിയ കമ്മറ്റിയുടെ പുതിയ അധ്യക്ഷന്‍. അഫിലിയേഷന്‍സ്‌ കമ്മറ്റി എന്ന പേരില്‍ രൂപീകരിച്ച പുതിയ കമ്മറ്റിയുടെ അധ്യക്ഷനായി അനുരാഗ്‌ ഠാക്കൂറിനെ നിയമിച്ചു. ഐ.പി.എല്‍ ഭരണഘടനാ അവലോകന കമ്മറ്റിയുടെ മേല്‍നോട്ടം ബി.സി.സി.ഐ പ്രസിഡന്റ്‌ ജഗ്‌മോഹന്‍ ഡാല്‍മിയ നിര്‍വഹിക്കും. എന്നാല്‍ രാജീവ്‌ ശുക്ലയെ ഐ.പി.എല്‍ ചെയര്‍മാനായി നിയമിച്ചതിനെതിരെ മുന്‍ ചെയര്‍മാന്‍ ലളിത്‌ മോഡി രംഗത്തുവന്നു. രാജീവ്‌ ശുക്ല കോമാളിയാണെന്നും ഐ.പി.എല്‍ ഒത്തുകളി അനുവദിച്ചത്‌ എന്‍. ശ്രീനിവാസന്റെ പിണിയാളായ രാജീവ്‌ ശുക്ലയാണെന്നും ലളിത്‌ മോഡി ആരോപിച്ചു. ശുക്ലയുടെ പൂര്‍വ്വ ചരിത്രം പ്രധാനമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ലളിത്‌ മോഡിയുടെ വിമര്‍ശനം.

( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *