ഐ എസ തീവ്രവാദികള്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും അണി ചേരുന്നു
അഹമ്മദാബാദ് : ഇറാക്കിലും സിറിയയിലും വേരുറപ്പിച്ച ഇസ്ളാമിക് സ്റ്റേറ്റ് ഒഫ് ഇറാക്ക് ആൻഡ് സിറിയ (ഐ.എസ്.ഐ.എസ്) തീവ്രവാദികൾക്കെതിരെ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയും അണിചേരുന്നു. ഗുജാറത്തിൽ അടുത്തിടെ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമെന്ന് തെഹൽക റിപ്പോർട്ട് ചെയ്തു.
ഐ.എസ് വിരുദ്ധ പോരാട്ടത്തിൽ പങ്കുചേരുന്ന കാര്യം, റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥി ആയി എത്തുന്ന യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് സൂചന. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ ഇന്ത്യ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് അമേരിക്ക ദീർഘകാലമായി ആവശ്യപ്പെട്ടു വരുന്നതാണ്. അതേസമയം മുംബയിലെ കല്യാൺ സ്വദേശിയായ ആരിഫ് മജീദ് ഐ.എസിൽ ചേർന്ന ശേഷം തിരികെ എത്തിയിരുന്നു. ഇയാളിപ്പോൾ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്. ഇതുംകൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ പുതിയ തീരുമാനമെന്നാണ് സൂചന.
ഐ.എസിനെതിരായ പോരാട്ടത്തിൽ ഇറാക്കിനും സിറിയയ്ക്കും അമേരിക്ക ആദ്യം മുതൽ തന്നെ സഹായം നൽകി വരുന്നതാണ്. എന്നാൽ ഏഷ്യൻ മേഖലയിലേക്ക് ഐ.എസ് തീവ്രവാദികൾ ആധിപത്യം വ്യാപിപ്പിക്കാതിരുന്നതിനെ തുടർന്ന് ഇന്ത്യ ഭീകരവിരുദ്ധ പോരാട്ടത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അതേസമയം,സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും സൈനികരെ അയയ്ക്കാൻ രണ്ടാം യു.പി.എ സർക്കാർ ആലോചിച്ചിരുന്നെങ്കിലും മുസ്ളീം വോട്ട് ബാങ്ക് മുന്നിൽ കണ്ട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.