നേതാജിയുടെ മരണം വിമാനാപകടത്തിലേറ്റ പരുക്കുമൂലമെന്ന് ബ്രിട്ടീഷ് വെബ്‌സൈറ്റ്

ലണ്ടന്‍: തായ്‌വാനിലുണ്ടായ വിമാനാപകടത്തെത്തുടര്‍ന്നുണ്ടായ പരുക്കാണ് നേതാജി സുഭാഷ് ചന്ദബോസിന്റെ മരണത്തിനു കാരണമായതെന്ന് ബ്രിട്ടീഷ് വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. ഏറ്റവും പുതിയ സാക്ഷിമൊഴികളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് വെബ്‌സൈറ്റായ ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

നേതാജിയുടെ അടുത്ത സഹായി, രണ്ട് ജാപ്പനീസ് ഡോക്ടര്‍മാര്‍, ദ്വിഭാഷി, തായ്‌വാന്‍കാരിയായ നഴ്‌സ് എന്നീ അഞ്ചു സാക്ഷികളുടെ മൊഴികളാണ് വെളിപ്പെടുത്തലിന് ആധാരം. 1945 ഓഗസ്റ്റ് 18ന് തായ്‌പേയ് വ്യോമത്താവളത്തിന്റെ സമീപമുണ്ടായ വിമാനാപകടത്തിലാണ് സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ) സ്ഥാപകനുമായ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടതെന്നാണ് അനുമാനം.
നേതാജിക്കൊപ്പം ഐ.എന്‍.എയില്‍ പ്രവര്‍ത്തിച്ചിരുന്ന കേണല്‍ ഹബിബുര്‍ റഹ്മാന്‍ ഖാനും അദ്ദേഹത്തോടൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും ഒരുമിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം നേതാജി മരണത്തിനു കീഴടങ്ങിയതെന്ന ഖാന്റെ മൊഴിയാണ് വെബ്‌സൈറ്റ് രേഖയായി പുറത്തുവിട്ടിരിക്കുന്നത്.
മരണംമുന്നില്‍ കണ്ട നേതാജി ഖാനോടാണ് തന്റെ മരണമൊഴി പറഞ്ഞത്. താന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. അതേ ശ്രമത്തിനിടെ ജീവനും സമര്‍പ്പിച്ചിരിക്കുന്നു. ജനങ്ങള്‍ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുക. ഒടുവില്‍ അത് ലഭിക്കുകതന്നെ ചെയ്യും. ഇത്രയുമാണ് സുഭാഷ് ചന്ദ്രബോസ് അവസാനമായി പറഞ്ഞതെന്ന് ഖാന്റെ മൊഴിയില്‍ പറയുന്നു.
ജാപ്പനീസ് ലെയ്‌സണ്‍ ഓഫീസ് ആയ ഹികാരി കിക്കന് ദക്ഷിണ ജപ്പാന്‍ സൈന്യത്തലവന്‍ അയച്ച ടെലിഗ്രാമിന്റെ പകര്‍പ്പ് ചോര്‍ത്തിയാണ് വെബ്‌സൈറ്റ് പുതിയ വിവരങ്ങള്‍ ശേഖരിച്ചത്.

Add a Comment

Your email address will not be published. Required fields are marked *