എം.വി നികേഷ് കുമാർ അറസ്റ്റിൽ
കൊച്ചി: റിപ്പോർട്ടർ ചാനൽ സി.ഇ.ഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാർ അറസ്റ്റിൽ. സെൻട്രൽ എക്സൈസ് വിഭാഗമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പരസ്യ ഏജൻസികളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നും സേവന നികുതി ഇനത്തിൽ കൈപ്പറ്റിയ തുക അടയ്ക്കാത്തതിനെ തുടർന്നാണ് അറസ്റ്റെന്നാണ് സൂചന.
ഒന്നരക്കോടി രൂപയുടെ സേവന നികുതി കുടിശ്ശികയാണ് റിപ്പോർട്ടർ ടി.വി നൽകാനുള്ളത്. ഇത് അടയ്ക്കണമെന്ന് കാണിച്ച് സെൻട്രൽ എക്സൈസ് വിഭാഗം പല തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തുകയടയ്ക്കാൻ ചാനൽ തയ്യാറായില്ല. ഇതോടെ ഇന്നു രാവിലെ ചാനലിന്റെ കളമശ്ശേരിയിലുള്ള ഓഫീസിലെത്തിയ സെൻട്രൽ എക്സൈസ് സംഘം നികേഷ് കുമാറിനെ ക്യാബിനിനുള്ളിൽ തടഞ്ഞു വെയ്ക്കുകയായിരുന്നു. ചാനലിലെ മറ്റാരുമായും സംസാരിക്കാൻ നികേഷിനെ അനുവദിച്ചിട്ടില്ല. 1.5 കോടി രൂപ ഇന്ന് തന്നെ അടയ്ക്കണമെന്നാണ് സെൻട്രൽ എക്സൈസ് ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം അറസ്റ്റിലായ നികേഷിനെ റിമാൻഡ് ചെയ്യുമെന്നും സൂചനയുണ്ട്.സെൻട്രൽ എക്സൈസിന്റെ കൊച്ചി വിഭാഗമാണ് നികേഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ വിഷയത്തിൽ തന്നെയായിരുന്നു ഇന്ത്യാവിഷൻ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫറൂഖിയേയും അറസ്റ്റ് ചെയ്തത്.