ഇന്‍ഫോപാര്‍ക്ക് വികസനത്തിന്

കൊച്ചി: കൊച്ചിയിലെ ഐടി, ഐടി അധിഷ്ഠിത തൊഴില്‍ സൗകര്യങ്ങള്‍ ലോകനിലവാരത്തിലേയ്ക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി രണ്ടാം ഘട്ട വികസനത്തിന് കാസ്പിയന്‍ ടെക്പാര്‍ക്ക്‌സുമായി ഇന്‍ഫോപാര്‍ക്ക് കരാര്‍ ഒപ്പിട്ടു. കരാറനുസരിച്ച്  2.62 ഏക്കറില്‍ നാലര ലക്ഷം ചതുരശ്ര അടി പ്രവര്‍ത്തന സ്ഥലം ഇന്‍ഫോപാര്‍ക്കില്‍ കൂട്ടിച്ചേര്‍ക്കും.

തൊണ്ണൂറു വര്‍ഷത്തെ പാട്ടക്കരാറാണ് വ്യാഴാഴ്ച ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ ഹൃഷികേശ് നായരും കാസ്പിയന്‍ ടെക്പാര്‍ക്ക്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ തോമസ് ചാക്കോയും തമ്മില്‍ ഒപ്പുവച്ചത്. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യവികസന സ്ഥാപനമാണ് കാസ്പിയന്‍ ടെക്പാര്‍ക്ക്‌സ്.

160 ഏക്കറിലെ ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട നവീകരണത്തെ സംബന്ധിച്ച് നാഴികക്കല്ലാണിതെന്ന് ശ്രീ ഹൃഷികേശ് നായര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നാലായിരം പുതിയ തൊഴിലവസരങ്ങള്‍ ഇന്‍ഫോപാര്‍ക്കില്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1.2 ലക്ഷം ചതുരശ്ര അടി പ്രവര്‍ത്തന സ്ഥലം 2016 മാര്‍ച്ചോടെ സജ്ജമാകുമെന്ന് ശ്രീ തോമസ് ചാക്കോ അറിയിച്ചു. ലോകനിലവാരത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2500 കോടിയുടെ രണ്ടാം ഘട്ട നവീകരണത്തില്‍ പങ്കാളികളാകാന്‍ കൊഗ്നിസന്റ്, ബ്രിഗേഡ് ഗ്രൂപ്പ്, യുഎസ്ടി ഗ്ലോബല്‍, ക്ലേയ്‌സിസ് ടെക്‌നോളജീസ്, പടിയത്ത് ഇന്നൊവേഷന്‍ തുടങ്ങി നിരവധി പ്രമുഖ ഐടി കമ്പനികള്‍ ഇന്‍ഫോപാര്‍ക്കിനെ സമീപിച്ചിട്ടുണ്ട്. ലോകനിലവാരത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാം ഘട്ട പാര്‍ക്കിനുള്ളില്‍ പൊതു റോഡുകള്‍, 220 കെ വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്‍, ആധുനിക ഡ്രെയിനേജ് സംവിധാനം, ഡേറ്റാ കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.

ജിബി സദാശിവൻ
കൊച്ചി

 

Add a Comment

Your email address will not be published. Required fields are marked *