ഇന്ഷുറന്സ് ബില്‍ ഇന്ന് രാജ്യസഭയില്‍

 

ഇന്‍ഷുറന്‍സ്‌ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെ പിന്തുണയ്‌ക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ഉറപ്പ്‌ നല്‍കിയ സാഹചര്യത്തില്‍ ലോക്‌സഭയിലേതു പോലെ രാജ്യസഭയിലും ബില്‍ പാസാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ്‌ സര്‍ക്കാര്‍. ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന്‌ 49 ശതമാനമാക്കി ഉയര്‍ത്താനുള്ള ബില്‍ 2008ല്‍ യുപിഎ സര്‍ക്കാരാണ്‌ ആദ്യ കൊണ്ടുവന്നത്‌.

ഏറെ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ശേഷമാണ്‌ ഇന്‍ന്‍ഷുറന്‍സ്‌ ബില്‍ ഒരിക്കല്‍ കൂടി രാജ്യസഭയിലെത്തുന്നത്‌. 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലം മുതലേ ഇന്‍ഷുറന്‍സ്‌ ബില്‍ പാസാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ഇടതു പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷമെന്ന കടമ്പയില്‍ തട്ടി തകരുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യസഭയുടെ സെലക്‌ട്‌ കമ്മറ്റിക്കു വിട്ട്‌ ഇന്‍ഷുറന്‍സ്‌ ബില്ലില്‍ ഭേദഗതികളും വരുത്തിയിരുന്നു.

എന്നാല്‍ ഈ സമ്മേളനത്തിന്റെ തുടക്കത്തില്‍ രാജ്യസഭയില്‍ നിന്ന്‌ ബില്‍ പിന്‍വലിച്ച്‌ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ബില്ലിന്റെ പേരുമാറ്റി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്‌ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസും സര്‍ക്കാരിനെ പിന്തുണച്ചു. ബില്ലിനെ ഇതേ രീതിയില്‍ രാജ്യസഭയിലും കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കും.
സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കരിന്റെ ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഇന്‍ഷുറന്‍സ്‌ ബില്‍. വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തുന്നതോടെ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്‍ഷുറന്‍സ്‌ മേഖലയിലേക്കു കടന്നുവരുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ.

Add a Comment

Your email address will not be published. Required fields are marked *