ഇന്ഫോപാര്ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ഐടി നിക്ഷേപകര്‍ രംഗത്ത്

കൊച്ചി : പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തില്‍ പങ്കുചേരാന്‍ പുതിയ ഐടി നിക്ഷേപകര്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി പത്തുലക്ഷം ചതുരശ്ര അടിയില്‍ വിവിധ ഘട്ടങ്ങളായുള്ള ഐടി അടിസ്ഥാന സൗകര്യമൊരുക്കാന്‍  320 കോടിരൂപയുടെ നിക്ഷേപവുമായി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍ ആയ പടിയത്ത് ഇന്നോവേഷന്‍ ഇന്‍ഫോപാര്‍ക്കുമായി കരാറില്‍ ഒപ്പുവച്ചു. ഹാരി ആന്‍ഡ് മോര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റേയും അനുബന്ധ സ്ഥാപനങ്ങളായ സണ്‍റൈസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റേയും സംയുക്ത സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പടിയത്ത് ഇന്നൊവേഷന്‍.

വ്യവസായ, ഐടി വകുപ്പ് മന്ത്രി  .പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ശ്രീ.ഹൃഷികേശ് നായരും പടിയത്ത് ഇന്നൊവേഷന്‍ വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍  ഹരീഷ് റഹ്മാന്‍ പടിയത്തും ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.

ഐടി നിക്ഷേപത്തിന് മികച്ച ഇടമായി പുതിയ വര്‍ഷത്തില്‍ കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന്  ഹൃഷികേശ് നായര്‍ പറഞ്ഞു. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ ഇന്‍ഫോപാര്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നതായും ചില നിക്ഷേപകരുമായി സഹകരിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 4.11 ഏക്കര്‍ ഭൂമിയിലാണ് ലോകോത്തര നിലവാരത്തില്‍ പ്രകൃതി സൗഹാര്‍ദ്ദമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ ലീഡര്‍ഷിപ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈനിന്റെ സര്‍ട്ടിഫിക്കറ്റും ഇതിനു ലഭിക്കും. ഖരമാലിന്യ സംസ്‌കരിക്കുന്നതിനായും ജലത്തിന്റെ പുനരുപയോഗത്തിനായുമുള്ള വിവിധ യൂണിറ്റുകള്‍,കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സൗകര്യം,അത്യാധുനിക സുരക്ഷാ സൗകര്യങ്ങള്‍,മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍,ഫുഡ് കോര്‍ട്ട്,ഹെല്‍ത്ത് ക്ലബ്ബ്,ക്ലിനിക്,പഞ്ചനക്ഷത്ര ലോബികള്‍,ആയിരത്തോളം കാറുകള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങിയവയും രണ്ടാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിര്‍മ്മാണം പൂര്‍ത്തിയാകുതോടെ ഐടി വിഭാഗത്തില്‍ 7,000 പേര്‍ക്കും,മറ്റു വിഭാഗങ്ങളിലായി 3000 പേര്‍ക്കും ജോലി ലഭിക്കും.

Add a Comment

Your email address will not be published. Required fields are marked *