‘ഇന്ദീവരം” നാളെ ഉദ്ഘാടനം ചെയ്യും

സ്‌റ്റാർട്ടപ്പുകൾക്കും ചെറു കമ്പനികൾക്കും ഇടമൊരുക്കി തുടക്കം കുറിച്ച തൃശൂർ ഇൻഫോപാർക്ക് വൻകിട കമ്പനികളെ വരവേൽക്കാൻ സജ്ജമായി. പ്രത്യേക സാമ്പത്തിക മേഖലാ (സെസ്) പദവിയോടെ പൂർത്തിയാക്കിയ ആദ്യ ബഹുനില മന്ദിരമായ 'ഇന്ദീവരം’ നാളെ ഉദ്ഘാടനം ചെയ്യും.

കൊച്ചി ഇൻഫോപാർക്കിന്റെ കാമ്പസായി ദേശീയപാത 47ൽ കൊരട്ടിയിലാണ് തൃശൂർ പാർക്ക്. വൈഗ ത്രെഡ്സിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് 2009ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉദ്ഘപാടനം ചെയ്‌ത പാർക്കിൽ നിലവിൽ 30 കമ്പനികളുണ്ട്. ചെറിയ കമ്പനികളും സ്‌റ്റാർട്ടപ്പുകളുമാണ് പ്രവർത്തിക്കുന്നത്. ഒരാൾ മുതൽ നൂറു പേർ വരെയുള്ള കമ്പനികൾ പ്രവർത്തിക്കുന്നു. വൈഗ ത്രെഡ്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബംഗ്ളാവുകൾ നവീകരിച്ചാണ് കമ്പനികൾക്ക് കൈമാറിയത്.

സെസ് പദവി ലഭിച്ച 18 ഏക്കർ സ്ഥലത്തെ ആറേക്കറിലാണ് ഇന്ദീവരം നിർമ്മിച്ചത്. പാർക്കിംഗ് ഉൾപ്പെടെ എട്ടു നിലകളിൽ 3.3 ചതുരശ്രയടി വിസ്‌തീർണം കെട്ടിടത്തിലുണ്ട്. കമ്പനികളുടെ ആവശ്യാനുസരണം 2,500 ചതുരശ്ര അടി മുതൽ സ്ഥലം നൽകും. വൻകിട കമ്പനികൾ സ്ഥലം വാങ്ങിക്കഴിഞ്ഞെന്ന് മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ അരുൺ രാജീവൻ പറഞ്ഞു. മൂവായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചുമ്മാർ പറഞ്ഞു.

നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിക്കും. വ്യവസായ – ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സഹകരണമന്ത്രി സി.എൻ. ബാലകൃഷ്‌ണൻ, ഇന്നസെന്റ് എം.പി തുടങ്ങിയവർ പങ്കെടുക്കും. അഞ്ച് കമ്പനികൾക്ക് അനവദിച്ച സ്ഥലവും ചടങ്ങിൽ കൈമാറും.

Add a Comment

Your email address will not be published. Required fields are marked *