‘ഇന്ത്യയെ കണ്ടെത്തല്‍’ സംപ്രേഷണം വിവാദത്തില്‍

തിരുവനന്തപുരം: ദൂരദര്‍ശന്‍ കേന്ദ്രം മലയാളം ശനിയാഴ്ചകളില്‍ രാവിലെ 10 ന് പരമ്പരയായി സംപ്രേഷണം ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ വിവാദമാകുന്നു. വിഖ്യാത സംവിധായകന്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ മലയാള പരിഭാഷയാണ് വിവാദമാകുന്നത്. ഈ ഡോക്യുമെന്ററി കോണ്‍ഗ്രസിനെ സഹായിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും,ഡോക്യുമെന്‍റിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുമുള്ള ആരോപണമാണ് ഉയരുന്നത്. കോണ്‍ഗ്രസ്‌ ഇന്ത്യയില്‍ തന്നെ തകര്‍ന്നടിഞ്ഞ ഘട്ടത്തില്‍ കോണ്‍ഗ്രസിന്‌ ഒരു മാസ്മരിക പരിവേഷം കല്‍പ്പിച്ചു കൊടുക്കാന്‍ ഈ ഡോക്യുമെന്‍ററിക്ക് കഴിയുമെന്നും, ഇതിന്നു പിന്നില്‍ കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ ആണ് ഉള്ളതും എന്നതുമാണ്‌ ഈ സംപ്രേഷണത്തെ വിവാദമാക്കി നിലനിര്‍ത്തുന്നത്. കഴിഞ്ഞ ആറു മാസമായി ഈ ഡോക്യുമെന്‍റി ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരം സംപ്രേഷണം ചെയ്യുന്നുണ്ട്. 52 എപ്പിസോഡ്കളാണ് ഈ ഡോക്യുമെന്‍ററിക്ക് ഉള്ളത്. അതിന്റെ മലയാളം പരിഭാഷ പൂര്‍ത്തിയായശേഷമാണ് ഡോക്യുമെന്‍റി സംപ്രേഷണം ചെയ്തു തുടങ്ങിയത്. പക്ഷെ ഡോക്യുമെന്ററിയെ ചൊല്ലി ഉയര്‍ന്ന ആരോപണങ്ങള്‍ ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാറിനോട് നിഷേധിച്ചു. ദൂരദര്‍ശന്‍ കേന്ദ്രം ദില്ലി ആര്‍ക്കൈവില്‍ സൂക്ഷിച്ച മഹത്തായ ഡോക്യുമെന്‍റി-ടെലിഫിലിമുകള്‍ ദൂരദര്‍ശന്റെ വിവിധ കേന്ദ്രങ്ങള്‍ വഴി അതാതു ഭാഷകളില്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനമേടുത്തിട്ടുണ്ട്. ഭാരത്‌ ദേക്കോ ജാന്‍ എന്നപേരിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷമാണ്‌ ഇത് ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയെ കണ്ടെത്തല്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്. ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും, പ്രോഗ്രാം മേധാവിയുമായ ജി.സാജന്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇന്ത്യയെ കണ്ടെത്തല്‍ ഡോക്യുമെന്‍ററിക്ക് പിന്നില്‍ എന്ന് ബിജെപി ആരോപിക്കുന്നു. ഇന്ത്യയില്‍ ഭരണമാറ്റം നടന്ന കാര്യം ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരം ഉദ്യോഗസ്ഥര്‍ ഇതുവരെ മനസിലാക്കിയിട്ടില്ല. കോണ്‍ഗ്രസ്‌ ഭരണകാലത്തുള്ളത് പോലെ, കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി കോണ്‍ഗ്രസിന്‌ വേണ്ടി ദൂരദര്‍ശനില്‍ ഇരുന്നു രാഷ്ട്രീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ അടിയന്തിര നടപടി വേണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്റ് എം.ടി.രമേശ്‌ പറയുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇടപെട്ടുകൊണ്ട്‌ ഈ ഡോക്യുമെന്‍റി പ്രക്ഷേപണം നിര്‍ത്തിവയ്ക്കുകയും, കോണ്‍ഗ്രസ്‌ ചട്ടുകമായ ഉദ്യോഗസ്ഥരെ മാറ്റി കോണ്‍ഗ്രസ് മുക്ത ദൂരദര്‍ശനാക്കി തിരുവനന്തപുരം കേന്ദ്രത്തെ മാറ്റുകയും വേണം. എം.ടി.രമേശ്‌ പറയുന്നു. കഴിഞ്ഞ എട്ടുമാസമായി തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിനു മേധാവിയില്ല. ഓഗസ്റ്റില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ടി.ചാമിയാര്‍ ഒഴിഞ്ഞശേഷം പദവിയില്‍ നിയമനം നടത്തിയിട്ടില്ല. ദില്ലിയില്‍ നിന്നാണ് ഡയരക്ടറെ തിരഞ്ഞെടുക്കുന്നത്. പക്ഷെ ദൂരദര്‍ശന്‍ വെബ്‌സൈറ്റില്‍ കഴിഞ്ഞ എട്ടു മാസം മുന്‍പ് സ്ഥാനമൊഴിഞ്ഞ ടി. ചാമിയാര്‍ തന്നെയാണ് ദൂരദര്‍ശന്‍ തിരുവനന്തപുരം മേധാവി. സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ആയ രാജു വര്‍ഗീസ്‌ ആണ് നിലവില്‍ ദൂരദര്‍ശന്‍ കേന്ദ്രം ചുമതല വഹിക്കുന്നത്.

Add a Comment

Your email address will not be published. Required fields are marked *