ഇടത് സഹയാത്രികന്‍ ചെന്നിത്തലയുടെ മാധ്യമ ഉപദേഷ്ടാവ്: കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതിയ പ്രസ് സെക്രട്ടറിയായി വരുന്നത് സജീവ ഇടത് സഹയാത്രികനായ മാധ്യമ പ്രവര്‍ത്തകന്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം യു.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ ശക്തമായ റിപ്പോര്‍ട്ടുകളുമായി ഇടത് മുന്നേറ്റത്തിന് സഹായിച്ച തലസ്ഥാനത്തെ ഒരു രാഷ്ട്രീയ കാര്യ ലേഖകനെയാണ് പാര്‍ച്ചിയെ മറികടന്ന് രമേശ് ചെന്നിത്തല നേരിട്ട് നിയമിക്കാനൊരുങ്ങുന്നത്. അറിയപ്പെടുന്ന ഇടത് സഹയാത്രികനായ മാധ്യമ പ്രവര്‍ത്തകനുമാണ് ഇദ്ദേഹം. ഒരു പ്രമുഖ മലയാളം വാര്‍ത്താചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുടെ അടുത്ത ബന്ധുവും കൂടിയാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍. അറിയപ്പെടുന്ന സി പി എം അനുഭാവികള്‍ നയിക്കുന്ന ഈ ചാനലിനെ കഴിഞ്ഞ അഞ്ചു വര്‍ഷവും സര്‍ക്കാരിനെ എവിടെയൊക്കെ ആക്രമിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ അതൊക്കെ ഏറ്റെടുത്തപ്പോഴും രമേശ് ചെന്നിത്തലയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമായിരുന്നു കൈക്കൊണ്ടിരുന്നതെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് മാധ്യമങ്ങളായ വീക്ഷണത്തിലെയും ജയ്ഹിന്ദിലെയും മാധ്യമ പ്രവര്‍ത്തകരെ തഴഞ്ഞാണ് ഈ അഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ് അനുകൂലികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കാനിടയുള്ള ഏക പദവിയായ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടതുപക്ഷ അനുഭാവി നിയമിതനാകുന്നതെന്നതാണ് പുതിയ വിവാദം. ഈ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
മുന്‍പ് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയുടെ സ്‌പെഷ്യല്‍ ്രൈപവറ്റ് സെക്രട്ടറിയയി പ്രവര്‍ത്തിച്ച പ്രശാന്ത് ആര്‍ നായര്‍ക്കെതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.  മുന്‍ എസ് എഫ് ഐ അനുഭാവിയായിരുന്ന പ്രശാന്ത് ആര്‍ നായര്‍ പിന്നീട് കളക്ടറായി പ്രമോഷന്‍ ലഭിച്ചപ്പോഴാണ് ഈ പദവിയില്‍ നിന്നും മാറിയത്. നിലവില്‍ കോഴിക്കോട് കളക്ടറായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും സര്‍ക്കാര്‍ വിരുദ്ധത മുഖ്യ വിഷയമായി ഏറ്റെടുത്ത ഇടത് അനുകൂല മാധ്യമ പ്രവര്‍ത്തകരുമായി രമേശ് ചെന്നിത്തല അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്ന പല നിര്‍ണ്ണായക വിവരങ്ങളും ഇടത് മാധ്യമ പ്രവര്‍ത്തകര്‍ക്കും അന്നത്തെ സര്‍ക്കാര്‍ വിരുദ്ധര്‍ക്കും കൃത്യമായി ചോര്‍ന്നു കിട്ടിക്കൊണ്ടിരുന്നത് ആ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ആയിരുന്നെന്ന ആരോപണം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു.
നിലവില്‍ അധികാരത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിലെ എല്ലാ പ്രമുഖരുമായും അടുത്ത സൗഹൃദവും വ്യക്തിബന്ധവും ഈ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുണ്ട്. അതേസമയം ഇടതുപക്ഷ അനുകൂല മാധ്യമത്തില്‍ ഇടത് അനുകൂല നിലപാടുകള്‍ കൈക്കൊള്ളുമ്പോഴും യുഡിഎഫ് ബിജെപി രാഷ്ട്രീയ നേതൃനിരകളില്‍ ഉറച്ച സൗഹൃദവും വ്യക്തി ബന്ധങ്ങളും ഇദ്ദേഹത്തിനുണ്ട്. ഇടത് സര്‍ക്കാരില്‍ ചില  പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. ഇത്തരമൊരാളെ കോണ്‍ഗ്രസ് നേതാവായ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി പദവിയില്‍ എത്തുന്നു എന്നതാണ് വിവാദം. വീക്ഷണത്തിലെയും ജയ്ഹിന്ദിലെയും മാധ്യമ പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വിഷയം കെ പി സി സിയുടെയും ഹൈക്കമാന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഇവരുടെ നീക്കം. യു ഡി എഫിലെ ഘടകകക്ഷി നേതാക്കളെയും കോണ്‍ഗ്രസ് അനുകൂലികളായ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കും.

Add a Comment

Your email address will not be published. Required fields are marked *