ഇടതു ഹർത്താൽ പൂർണ്ണം

തിരുവനന്തപുരം ഹിന്ദുസ്ഥാൻ സമാചാർ : നിയമസഭയിലെ മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു . വലിയ അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയില്ല. സ്വകാര്യ ബസുകളും ഓട്ടോറിക്ഷ, ടാക്സികൾ തുടങ്ങിയവയും നിരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നു. വട്ടിയൂർക്കാവിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു. ഹർത്താലിനെ തുടർന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയവർ മറ്റിടങ്ങളിലേക്ക് പോവാൻ വാഹനങ്ങൾ കിട്ടാതെ പ്രയാസപ്പെട്ടു. പൊലീസിന്റെ വാഹനങ്ങളിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. മലപ്പുറത്ത് കുന്നുമ്മലില്‍ റോഡുകളില്‍ ടയര്‍കത്തിച്ചുണ്ടാക്കിയ തടസ്സങ്ങള്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നീക്കി. കോഴിക്കോട് ചേവായൂരില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി. പാലക്കാട് ഹര്‍ത്താല്‍ അനുകൂലികളെന്ന് കരുതുന്ന ഒരു സംഘം ഡിസിസി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.രാവിലെ ആറുമുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം , ആശുപത്രി തുടങ്ങിയവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മദ്ധ്യകേരളത്തിൽ ഹർത്താൽ പൂർണമാണ്. കൊച്ചിയിൽ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.( മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *