ആറ്റുകാല്‍ പൊങ്കാല : നാലായിരം പോലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കും

തിരുവനന്തപുരം ; ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി 4000 പോലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെയുള്ള ഒന്നാം ഘട്ടത്തില്‍ ആയിരത്തിഅഞ്ഞൂറുപേരുടെയും മാര്‍ച്ച് 4,5,6 തീയതികളിലായുള്ള രണ്ടാം ഘട്ടത്തില്‍ രണ്ടായിരത്തിഅഞ്ഞുറുപേരുടെയും സേവനമാണ് ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു. ആറ്റുകാല്‍ ക്ഷേത്രം ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം മന്ത്രി വി. എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ മേഖലാ എ.ഡി.ജി.പി: കെ. പത്മകുമാറാണ് പോലീസ് ക്രമീകരണങ്ങളുടെ പ്രിന്‍സിപ്പല്‍ കോ-ഓഡിനേറ്റര്‍. സുരക്ഷ ശക്തമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്ര പരിസരത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ എത്തുന്ന ആറ്റുകാള്‍ പൊങ്കാല മഹോത്സവത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഭക്തജനങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്സവമേഖലയില്‍ രണ്ടു കോടി രൂപ വിനിയോഗിച്ച സ്ഥാനത്ത് ഈ വര്‍ഷം മൂന്നു കോടി രൂപയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്. ഉത്സവത്തിനായുള്ള ക്രമീകരണങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തോടെ സമയബന്ധിതമായി പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ക്കാണ് ഏകോപനച്ചുമതല. ഉത്സവത്തിന് ഫയര്‍ഫോഴ്‌സ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുക.

ഉത്സവമേഖലയില്‍ പ്ലാസ്റ്റിക്, തെര്‍മോകോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ശബ്ദമലിനീകരണം തടയും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കും. മുഴുവന്‍ വൈദ്യുതി വിളക്കുകളും പ്രവര്‍ത്തനക്ഷമമാക്കും. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ മെഡിക്കല്‍ സംഘങ്ങളെ വിന്യസിപ്പിക്കും. പൊങ്കാല ദിവസം വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെയും ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തും.

വി. ശിവന്‍കുട്ടി എം.എല്‍.എ, ദക്ഷിണ മേഖലാ എ.ഡി.ജി.പി: കെ. പത്മകുമാര്‍, ഐ.ജി. മനോജ് ഏബ്രഹാം, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, , ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിതാബീഗം, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സുധാകരന്‍ പിള്ള, ടി. മോഹനന്‍ നായര്‍, ദത്തന്‍, ഫോര്‍ട്ട് സി.ഐ. അജി ചന്ദ്രന്‍, ഉത്സവമേഖലയിലെ കൗണ്‍സിലര്‍മാര്‍, ഉത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ വി. ചന്ദ്രശേഖരന്‍ പിള്ള, ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി എം. ഭാസ്‌കരന്‍ നായര്‍, പ്രസിഡന്റ് വി.എല്‍. വിനോദ്, ട്രഷറര്‍ പി.കെ. കൃഷ്ണന്‍ നായര്‍, ഉത്സവക്കമ്മിറ്റിയുടെ സ്റ്റാഡിംഗ് കമ്മിറ്റി കണ്‍വീനര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Add a Comment

Your email address will not be published. Required fields are marked *