ആറു മാസത്തിനുള്ളില്‍ 60 റോബോട്ടിക് സര്‍ജറികള്‍;ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നേട്ടങ്ങളുടെ തുടര്‍ച്ച

കൊച്ചി: കേരളത്തിലെ ആതുരസേവന മേഖലയ്ക്ക് അന്താരാഷ്ട്ര നിലവാരം നല്‍കിയ ആസ്റ്റര്‍ മെഡ്‌സിറ്റിക്കിത് നേട്ടങ്ങളുടെ കാലം. കഴിഞ്ഞ ആറു മാസത്തിനകം ആസ്റ്ററില്‍ നടന്നത് 60 റോബോട്ടിക് സര്‍ജറികള്‍. രോഗികളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് വൈദ്യശാസ്ത്ര മേഖലയിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് റോബോട്ടിക് സര്‍ജറികള്‍ ചെയ്യുന്നത്.

ആറു മാസത്തിനകം 60 റോബോട്ടിക് സര്‍ജറികള്‍ നടത്തുകയെന്നത് കേരളത്തില്‍ മറ്റൊരാശുപത്രിക്കും സാധ്യമാകാത്ത നേട്ടം. റോബോട്ടിക് സര്‍ജറി സംവിധാനവും പ്രത്യേക മിനിമല്‍ ആക്‌സസ് റോബോട്ടിക് സര്‍ജറി (മാര്‍സ്) ടീമുള്ള കേരളത്തിലെ ഏക ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി.യൂറോളജി, ഗ്യാസ്‌ട്രൊഎന്റെറോളജി, ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്റ്റെട്രിക്‌സ്, ഓണ്‍കോളജി വിഭാഗങ്ങളിലാണ് അതിസങ്കീര്‍ണമായ കേസുകള്‍ റോബോട്ടിക് സര്‍ജറിയിലൂടെ താരതമ്യേന ആയാസരഹിതമായി ഡോക്റ്റര്‍മാര്‍ നടത്തിയത്.

യൂറോളജിയില്‍നിന്ന് ഡോ. ടി.എ കിഷോര്‍, ഡോ. രാംപ്രസാദ്, ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്റ്റെട്രിക്‌സില്‍നിന്ന് ഡോ. മായാദേവി കുറുപ്പ്, ഡോ. ഷമീമ അന്‍വര്‍ സാദത്ത്, ഡോ. ഷെര്‍ലി മാത്തന്‍, ഓണ്‍കോളജിയില്‍നിന്ന് ഡോ. ശ്യാം വിക്രം, ഗ്യാസ്‌ട്രൊഎന്റെറോളജിയില്‍നിന്ന് ഡോ. വി.എ അയ്യൂബ്, ഡോ. പ്രസാദ് കൃഷ്ണന്‍ എന്നിവരാണ് മാര്‍സ് ടീമിലുള്ളത്. മാസ്റ്റര്‍ കണ്‍ട്രോളില്‍ സര്‍ജന്‍ ചെയ്തുകാണിക്കുന്നത് എന്‍ഡൊറിസ്റ്റ് സാങ്കേതിക ഉപയോഗിച്ച് രോഗിയുടെ ശരീരത്തില്‍ റോബോട്ടുകള്‍ അനുകരിക്കുകയാണ് ചെയ്യുന്നത്. സര്‍ജറി ഉപകരണങ്ങള്‍ രോഗിയുടെ ശരീരത്തിനുള്ളില്‍ ഡോക്റ്റര്‍മാര്‍ കൈകാര്യം ചെയ്യുന്നതിനു പകരം വിദഗ്ധരായ റോബോട്ടുകളാണ് അവ പ്രവര്‍ത്തിപ്പിക്കുക. സമീപഭാവിയില്‍ വൈദ്യശാസ്ത്ര മേഖലയില്‍ റോബോട്ടിക് സര്‍ജറി വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

രോഗികള്‍ക്ക് ഏറ്റവും ആധുനികവും ആശ്വാസകരവുമായ ചികിത്സാരീതികളാണ് ആസ്റ്റര്‍ മെഡ്‌സിറ്റി അവലംബിക്കുന്നതെന്ന് നേട്ടത്തെ സൂചിപ്പിച്ച് സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഇതിനാണ് സ്‌പെഷ്യല്‍ മിനിമല്‍ ആക്‌സസ് റോബോട്ടിക് സര്‍ജറി (മാര്‍സ്) ടീം സജ്ജമാക്കിയിരിക്കുന്നത്. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും മികച്ച സര്‍ജറികള്‍ ചെയ്യുക രോഗികള്‍ക്ക് അങ്ങേയറ്റം സാന്ത്വനമാകാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിക്കു കഴിഞ്ഞു. അതിനാല്‍ ഞങ്ങള്‍ അങ്ങേയറ്റം സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add a Comment

Your email address will not be published. Required fields are marked *