ആരോഗ്യമേഖല വികസിപ്പിക്കാന്‍ വിദേശ മലയാളികള്‍ സഹായിക്കണം: മന്ത്രി ശിവകുമാര്‍

കൊച്ചി (ഹിന്ദുസ്ഥാന്‍ സമാചാര്‍) : സംസ്ഥാനത്തെ ആരോഗ്യമേഖല വികസിപ്പിക്കാന്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ലെ മെരിഡിയന്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗോള പ്രവാസി മലയാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രവാസികളുടെ സാമ്പത്തിക പിന്തുണ സര്‍ക്കാരിന് ആവശ്യമുണ്ട്. സംസ്ഥാനത്തെ പല സംരംഭങ്ങളിലും കേരളീയ പ്രവാസി സമൂഹം സജീവമാണെങ്കിലും ആരോഗ്യമേഖലയില്‍ അവരുടെ ഇടപെടല്‍ വളരെ കുറവാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അര്‍ബുദ ബാധിതര്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന സുകൃതം അത്തരമൊരു പദ്ധതിയാണ്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത ആശുപത്രികള്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് ആശുപത്രികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. നാല് പുതിയ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്,സ്റ്റാര്‍ട്ട് അപ് വില്ലേജ് സിഇഒ പ്രവണവ് കുമാര്‍,കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള എംഡി ജി. ചന്ദ്രമൗലി,നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.

 

Add a Comment

Your email address will not be published. Required fields are marked *