ആരോഗ്യമേഖലയ്ക്ക് 665.37 കോടി

തിരുവനന്തപുരം: സുപ്രധാന ആരോഗ്യസൂചികകളില്‍ കേരളം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിനും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി 2015-16ലെ സംസ്ഥാന ബഡ്ജറ്റില്‍ ആരോഗ്യമേഖലയ്ക്ക് 665.37 കോടി രൂപ അനുവദിച്ചു. പതിനൊന്ന് ജില്ലകള്‍ക്കും ഈ വര്‍ഷം സ്വന്തമായി ഗവ. മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാകുമെന്നതാണ് മുഖ്യപ്രഖ്യാപനം.

സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍നിന്നും നേരിട്ട് ചികിത്സ നേടാനുതകുന്ന സമ്പൂര്‍ണ്ണ ആരോഗ്യകേരളം പദ്ധതിയും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു.500 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനസഹായവും നല്‍കും. വിവിധ ആരോഗ്യ പരിപാലന പദ്ധതികളുടെ ആനുകൂല്യങ്ങളെല്ലാം ഒരുകുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിയാണ് സമ്പൂര്‍ണ്ണ ആരോഗ്യകേരളം. ഈ പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും സ്വീകരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അധ്യക്ഷനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ട്രസ്റ്റികളുമായുള്ള ട്രസ്റ്റ് രൂപീകരിക്കും. നിക്ഷേപങ്ങള്‍ വിവിധ പദ്ധതികളില്‍നിന്നും കണ്ടെത്തും. എറണാകുളത്ത് 450 കോടി രൂപ ചെലവുവരുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ ആന്വിറ്റി അടിസ്ഥാനത്തില്‍ സ്ഥാപിക്കും.

ആരോഗ്യകിരണം പദ്ധതി വിഹിതം 15 കോടിയായി വര്‍ധിപ്പിച്ചു. ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപയാക്കി വര്‍ധിപ്പിക്കുന്നതിന് ആറു കോടി രൂപയാണ് ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രികളോടനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് 7.10 കോടി രൂപയും സംസ്ഥാനത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 2.5 കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ചെലവേറിയ വന്ധ്യതാ ചികിത്സ അര്‍ഹരായ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയുടെ മാതൃകയില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജനനി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ചു കോടി രൂപ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയു ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് അഞ്ചു കോടി, കൊല്ലം ജില്ലാ ആശുപത്രിയിലും എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും കാത്ത്‌ലാബ് സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപ, ഇ-ഹെല്‍ത്ത് പദ്ധതിക്ക് ഒരു കോടി, ആര്‍പ്പൂക്കര കുട്ടികളുടെ ആശുപത്രി വികസനത്തിന് രണ്ടു കോടി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ ശക്തിപ്പെടുത്തുന്നതിന് 50 ലക്ഷം, കോട്ടയം ഗവ. ഡെന്റല്‍ കോളേജില്‍ സ്‌പെഷ്യല്‍ കെയര്‍ ഡെന്റിസ്ട്രി യൂണിറ്റ് സ്ഥാപിക്കുന്നതിന് 16 ലക്ഷം എന്നിവയാണ് മറ്റ് പ്രധാന വകയിരുത്തലുകള്‍. ചെങ്ങന്നൂര്‍ താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായും കട്ടപ്പന സി.എച്ച്.സിയെ താലൂക്കാശുപത്രിയായും നെടുങ്കുന്നം ആയുര്‍വേദ ഡിസ്‌പെന്‍സറിയെ ആശുപത്രിയായും ഉയര്‍ത്തുമെന്ന പ്രഖ്യാപനവും ബഡ്ജറ്റിലുണ്ട്.

 

 

 

Add a Comment

Your email address will not be published. Required fields are marked *