ആയുധ ഇടപാട്: റഷ്യയിലെ മുന്‍ ശ്രീലങ്കന്‍ സ്ഥാനപതിക്കെതിരെ അന്വേഷണം
കൊളംബോ: റഷ്യയിലെ മുന്‍ ശ്രീലങ്കന്‍ സ്ഥാനപതി ഉദയംഗ വീരതുംഗെക്കെതിരേ ആയുധ ഇടപാടു കേസില്‍ അന്വേഷണം. റഷ്യയില്‍ ഔദ്യോഗിക ജീവിതത്തിനിടെ യുക്രെയ്നിലെ റഷ്യന്‍ അനുകൂല വിമതരുമായി ആയുധമിടപാടില്‍ ഏര്‍പ്പെട്ടുവെന്നാണു ആരോപണം. കൊളംബോയിലെ വിദേശകാര്യ മന്ത്രാലയത്തിനു യുക്രെയ്ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ അടുത്ത ബന്ധുവാണ് ഇദ്ദേഹം.
യുക്രെയ്നില്‍ ശ്രീലങ്കന്‍ ഭക്ഷണശാല നടത്തിവന്നിരുന്ന ഇദ്ദേഹം പിന്നീടു റഷ്യന്‍ സ്ഥാനപതിയായി നിയമിതനായി. പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന അധികാരമേറ്റെടുത്തതോടെ ഇദ്ദേഹത്തെ തിരിച്ചു വിളിക്കുകയായിരുന്നു. വീരതുംഗ ശ്രീലങ്കയ്ക്കു വേണ്ടി നടത്തിയ നിരവധി സൈനിക ഇടപാടുകളും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക പോലീസ് വിഭാഗം അന്വേഷിച്ചു വരികയാണ്.