ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജനുവരി 30

കൊച്ചി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്‌സിഡി നേരിട്ട് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായും ഗ്യാസ് ഏജന്‍സിയുമായും ജനവരി 30ന് മുന്‍പ് ബന്ധിപ്പിക്കണം.  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാചകവാതക വിതരണക്കാരുടെയും ബാങ്ക് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കാന്‍ കുടുംബശ്രീ പാചകവാതക വിതരണക്കാര്‍, അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും തീരുമാനമായി. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കുമെന്നും ഗ്യാസ് ഏജന്‍സികളുമായി ബന്ധിപ്പിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഉപഭോക്താക്കളില്‍ 75 ശതമാനം പേര്‍ മാത്രമാണ് ശരിയായ രീതിയില്‍ ആധാര്‍ കാര്‍ഡ് ബാങ്കുമായും ഗ്യാസ് ഏജന്‍സികളുമായും ബന്ധിപ്പിച്ചിട്ടുള്ളത്. ആധാര്‍ കാര്‍ഡ് അക്കൗണ്ടുമായി ചേര്‍ത്തവരുടെ എണ്ണത്തില്‍ എറണാകുളം മറ്റു ജില്ലകളേക്കാള്‍ പിന്നിലുമാണ്. മാത്രമല്ല ഒന്നിലധികം കണക്ഷനുകളുള്ളവരുടെ എണ്ണവും കൂടുതലാണ്. ബിപിസിഎല്‍ പ്രതിനിധി എസ്. ശ്രീധര്‍, ഐഒസി ചീഫ് ഏരിയ മാനേജര്‍ കൃഷ്‌ണേന്ദു മുഖര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *