ആം ആദ്മി പാര്ട്ടി പിളരുന്നു

ദില്ലി (ഹി സ): ആം ആദ്മി പാര്‍ട്ടി പിളരും എന്ന് ഉറപ്പാണ്‌ എങ്കിലും പാര്‍ട്ടിയുടെ  ദേശീയ കൗണ്‍സില്‍ യോഗം ദില്ലിയില്‍ നടക്കുന്നു. കൗണ്‍സില്‍ യോഗത്തിനു പുറത്ത് യോഗേന്ദ്ര യാദവ് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്ഷണം കിട്ടിയവരെയും കൗണ്‍സിലില്‍ പ്രവേശിപ്പിക്കുന്നില്ല എന്നാരോപിച്ചായിരുന്നു കുത്തിയിരിപ്പ് പ്രതിഷേധം. ഒടുവില്‍ പ്രതിഷേധം അവസാനിപ്പിച്ച യാദവ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. യോഗ സ്ഥലത്തെത്തിയ യോഗേന്ദ്ര യാദവിനു നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

ആരോപണങ്ങളുമായി കെജ്‍രിവാള്‍ പക്ഷവും യോഗേന്ദ്രയാദവ് -പ്രശാന്ത് ഭൂഷണ്‍ പക്ഷവും നേര്‍ക്കുനേര്‍ വന്നതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ഇരുവിഭാഗങ്ങളും തമ്മിലുള്ള ബലപരീക്ഷണത്തിനുള്ള വേദിയായി. രാഷ്‍ട്രീയ കാര്യസമിതിയില്‍ നിന്ന് നീക്കിയതിന് ശേഷവും യാദവും ഭൂഷണും അച്ചടക്കലംഘനം തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി കെജ്‍രിവാള്‍ പക്ഷം കൗണ്‍സില്‍ യോഗത്തില്‍ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും മോശം ഭാഷയില്‍ വിമര്‍ശിക്കുന്ന കെജ്‍രിവാളിന്റെ ശബ്‍ദരേഖ പുറത്തുവന്നത് മറുപക്ഷത്തിന് തിരിച്ചടിയാകും. യാദവും ഭൂഷണും പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മറ്റൊരു രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിച്ച് പുറത്തുപോകുമെന്ന് കെജ്‍രിവാള്‍ പറയുന്നതാണ് ശബ്ദരേഖ.

മുന്നൂറിലധികം അംഗങ്ങളുള്ള ദേശീയ കൗണ്‍സിലില്‍ ദില്ലിക്ക് പുറത്തുള്ള പ്രതിനിധികളാണ് കൂടുതല്‍. ഇതിനാല്‍ നിര്‍ണായക തീരുമാനങ്ങളില്‍ വോട്ടെടുപ്പ് വരുമ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തല്‍ കെജ്‍രിവാള്‍ പക്ഷത്തിനുണ്ട്. യോഗനടപടികള്‍ ദൃശ്യവത്കരിക്കണമെന്നും അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെജ്‍രിവാള്‍ മാറിനില്‍ക്കണമെന്നുള്ള ആവശ്യങ്ങള്‍ തര്‍ക്കത്തിനിടയാക്കി.

Add a Comment

Your email address will not be published. Required fields are marked *