അരുവിക്കര: ഉറ്റുനോക്കി മുന്നണികള്‍

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വരുന്ന അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ ആരാകും സ്ഥാനാര്‍ഥികള്‍ എന്ന കാര്യത്തില്‍ ഇരുമുന്നണികളും തീരുമാനത്തിലെത്തിയില്ല. തിരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കെഷന്‍ ഇതുവരെ വന്നിട്ടില്ലെങ്കിലും ജൂലൈക്ക് മുന്‍പ് തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് ഇരു നേതൃത്വവും. കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ് ജയിച്ചേ തീരൂ. തോറ്റാല്‍ ഭരണത്തിന്റെ വിലയിരുത്തലായി ഇത് വ്യാഖ്യാനിക്കപ്പെടും.

എല്‍ഡിഎഫിനാണെങ്കില്‍ സോളാര്‍, സലിംരാജ്, പാമോയില്‍, ബാര്‍ക്കൊഴാ എന്നീ വിഷയങ്ങള്‍ കത്തിനില്‍ക്കെപ്പോലും അരുവിക്കരയില്‍ യുഡിഎഎഫിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലാ എന്ന് വരുമ്പോള്‍ അത് രാഷ്ട്രീയമായി ക്ഷീണം ചെയ്യും. പരാജയപ്പെടുകയാണെങ്കില്‍ അത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ ബാധിക്കാതെ നോക്കുകയും വേണം. ബിജെപിയാണെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ എം.ടി.സുലേഖ തന്നെയായിരിക്കുമെന്ന് കോണ്‍ഗ്രസ്‌ ഉറപ്പിചിരിക്കെ സുലേഖ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. അരുവിക്കരയില്‍ സുലേഖയെത്തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് കോണ്‍ഗ്രസിന്‌ നിര്‍ബന്ധമുണ്ട്.

ഈയൊരു ഘട്ടത്തില്‍ അവരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും, വി.എം.സുധീരനും നേരിട്ട് തന്നെ കഴിഞ്ഞ ദിവസം കാര്‍ത്തികേയന്റെ ശാസ്തമംഗലത്തെ വീടായ അഭയത്തില്‍ നേരിട്ടെത്തിയത്. ഡിസിസി പ്രസിഡണ്ട്‌ കെ.മോഹന്‍കുമാര്‍ ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് പരസ്യമാക്കിയിരിക്കെ കോണ്‍ഗ്രെസ്സിറെ ഉന്നത നേതൃത്വം നേരിട്ട് തന്നെ വീട്ടിലെത്തി സുലേഖയെ കണ്ടത് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ നല്‍കുന്ന പ്രാധാന്യം വ്യകതമാക്കുന്നു. മത്സരിക്കുന്നതിനോട് വിമുഖത പ്രകടിപ്പിച്ചില്ലെങ്കിലും ഉടനടി ഒരു തീരുമാനം എടുക്കാനാകില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കും, സുധീരനും, ചെന്നിത്തലയ്ക്കും സുലേഖയുടെ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാണ്ട് തീരുമാനവും ഇത് തന്നെയാണ്.

സുലേഖ മത്സരിച്ചില്ലെങ്കില്‍ രണ്ടാമത്തെ മകന്‍ ശബരിനാഥ് സ്ഥാനാര്‍ഥിയായേക്കും എന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ സുലേഖ തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. ഇടതുമുന്നണിയും അരുവിക്കര എന്ത് വിലകൊടുത്തും നേടണമെന്ന തീരുമാനത്തിലാണ്. അരുവിക്കരയില്‍ സിപിഎം കണ്ടുവയ്ക്കുന്ന പ്രധാന സ്ഥാനാര്‍ഥി മുന്‍ മന്ത്രിയും സ്പീക്കറുമോക്കെയായ എം.വിജയകുമാറിനെയാണ്. അരുവിക്കരയില്‍ കുടുംബ ബന്ധങ്ങളും, സ്വാധീനവുമുള്ള വിജയകുമാറിന് ഒരു പക്ഷെ മണ്ഡലം തന്നെ പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷയുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വി.കെ.മധുവിന്റെ പേരും ഒപ്പം തന്നെ മുഴങ്ങുന്നുണ്ട്.

വിജയകുമാറിനെപോലുള്ള ഒരു നേതാവിനെ മുന്‍നിര്‍ത്തി പോരാട്ടത്തിന്നിറങ്ങി പരാജയം ഏറ്റുവാങ്ങുമ്പോഴുള്ള അവസ്ഥയും സിപിഎമ്മിന് ചര്‍ച്ച ചെയ്യേണ്ടി വരും. പ്രചാരണ കാര്യത്തില്‍ മുന്നില്‍ വരാന്‍ സിപിഎം തിരഞ്ഞെടുപ്പ് മണ്ഡലം കമ്മറ്റി തന്നെ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആനാവൂര്‍ നാഗപ്പനെയാണ് മണ്ഡലംകമ്മറ്റി സെക്രട്ടറിയാക്കിയിട്ടുള്ളത്‌. സിപിഎം എരിയാ, ലോക്കല്‍ കമ്മറ്റി നേതാക്കള്‍ ഈ കമ്മറ്റിയിലുണ്ട്. ഈ 27ന് കെപിസിസി പ്രസിഡണ്ട്‌ വി.എം.സുധീരന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്സും യോഗം വിളിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന അരുവിക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4161 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എ.സമ്പത്തിനു ലഭിച്ചത്. രണ്ടു കൂട്ടര്‍ക്കും സ്വാധീനമുള്ള അരുവിക്കരയില്‍ അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പ്രാധാന്യമര്‍ഹിക്കുന്നു. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപതരംഗം മണ്ഡലത്തില്‍ നിലനില്‍ക്കുന്നതിന്നാല്‍ സുലേഖ തന്നെ നില്‍ക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഉറച്ചു നില്‍ക്കുന്നു. കാര്‍ത്തികേയന്റെ കുടുംബത്തില്‍ നിന്ന് ആരും വരാത്ത ഒരു സാഹചര്യം വന്നാല്‍ അരുവിക്കര കോണ്‍ഗ്രസിന്‌ ഒരു മുള്‍ക്കിരീടം തന്നെയാകും. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *