അയോദ്ധ്യയും രഥയാത്രകളും മറന്നു; പ്രസംഗിക്കാന്‍പോലും അവസരമില്ലാതെ അഡ്വാനിയും ജോഷിയും

കോഴിക്കോട്: ബി.ജെ.പിയുടെ ഇന്നത്തെ പ്രതാപത്തിന് അടിത്തറയിട്ട മുന്‍ അധ്യക്ഷന്‍മാരായ എല്‍.കെ. അഡ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല. അഡ്വാനിയുടെ അയോധ്യ രഥയാത്രയും മുരളീമനോഹര്‍ ജോഷിയുടെ കശ്മീര്‍ രഥയാത്രയുമാണ് ഇന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കുള്ള മണ്ണൊരുക്കിയത്.
നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും വരവോടെ പഴയ തലമുറക്കാരായ ഇരുവരും അപ്രസക്തരാവുകയായിരുന്നു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചപ്പോഴും അമിത് ഷായെ ദേശീയ അധ്യക്ഷനാക്കുന്നതിലും അഡ്വാനി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നെന്ന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പൊതുസമ്മേളനം തുടങ്ങിയതുമുതല്‍ അദ്വാനി വേദിയില്‍ സന്നിഹിതനായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസാണ് അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചത്. എന്നാല്‍ വൈകിയെത്തിയ ജോഷിയെ ആദരിക്കാന്‍ പോലും സംഘാടകര്‍ മറന്നു. അടിയന്തരാവസ്ഥക്കാലത്തു പീഡനത്തിനിരയായ മുന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി പി.പി. മുകുന്ദന് സമ്മേളനത്തില്‍ അയിത്തം കല്‍പ്പിച്ചതും വിവാദത്തിനിടനല്‍കി.

Add a Comment

Your email address will not be published. Required fields are marked *