ഒരിടത്തേയ്ക്കുമില്ലെന്ന് മാണി; കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കൊപ്പം കൂടിയത് കോണ്‍ഗ്രസ്

തിരുവനന്തപുരം : തത്കാലം ഒരു മുന്നണിയിലേയ്ക്കും ഇല്ലെന്ന് കെ.എം മാണി. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് മാണി ആരോപിച്ചു. കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ പലരും സംശയത്തോടെയാണ് നോക്കിക്കണ്ടതെന്നും തങ്ങളെ കോണ്‍ഗ്രസ് ഒന്നാം നമ്പര്‍ ശുത്രുവായി കണ്ടെന്നും മാണി വിമര്‍ശിച്ചു.
കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് മാണി കുറ്റപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷത്തെ യുഡിഎഫിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭവന നല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ആ പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്നതിനും അധിക്ഷേപിക്കുന്നതിനും ശത്രുക്കളോട് ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കേരളാ കോണ്‍ഗ്രസ് നല്‍കിയ വിശ്വാസം തിരിച്ച് കിട്ടിയില്ലെന്നും മാണി കുറ്റപ്പെടുത്തി.
യുഡിഎഫില്‍ ഭദ്രത ഇല്ലെന്ന് കണ്ടതിനാലാണ് മുന്നണി വിട്ടതെന്ന് മാണി അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ പരസ്പര സ്‌നേഹവും വിശ്വാസവും ഇല്ല. സ്വന്തം വീട്ടില്‍ ഭദ്രത ഇല്ലെങ്കില്‍ നില്‍ക്കാന്‍ പറ്റില്ല. അതിനാല്‍ വീടുവിട്ടറങ്ങി. സന്തോഷത്തോടെയല്ല അങ്ങേയറ്റം ദുഖത്തോടെയാണ് തീരുമാനം എടുത്തത്. ഇതല്ലാതെ മറ്റ് മാര്‍ഗം ഇല്ലായിരുന്നു. മാണി പറഞ്ഞു. മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് എടുത്തതെന്നും മാണി വ്യക്തമാക്കി. മുന്നണിവിട്ട തങ്ങള്‍ ഒറ്റയ്ക്ക് നിന്ന് ശക്തിതെളിയിക്കുമെന്ന് മാണി വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കും. അതിന് തങ്ങള്‍ക്ക് പേടിയില്ല. നേരത്തെ തന്നെ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. 1965 ലും 71 ലും അത് കണ്ടതാണ്. ഒരാളോടും കൂടാനില്ല. തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മാണി പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *